തിയറ്ററുകളിൽ തരംഗമായി മുന്നേറുന്ന നിവിൻ പോളി - ഗിരീഷ് എ.ഡി കൂട്ടുകെട്ടിന്റെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘സോൾ മേറ്റ്സ്, ഒരു സാത്തുക്കുടി പ്രണയം’ എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഭാവനാ സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഷോർട്ട് ഫിലിം പുറത്തുവിട്ടത്. റിലീസ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിലും യൂട്യൂബിലും തരംഗമാണ്. ഭാവന സ്റ്റുഡിയോസിന്റെ ഈ ക്രിയേറ്റീവ് പ്രൊമോഷൻ ശൈലിയെയും പ്രശംസിക്കുകയാണ് സിനിമാപ്രേമികൾ.
തിയറ്ററുകളിൽ ചിരിയുണര്‍ത്തിയ, സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ എന്ന കഥാപാത്രം സംവിധാനം ചെയ്യുന്നതായി കാണിക്കുന്ന അതേ ഹ്രസ്വചിത്രമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പൂർണ്ണരൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. ‘തേച്ചിട്ടുപോയ കാമുകിമാർക്കുള്ള സമർപ്പണം’ എന്ന രസകരമായ ടാഗ്‌ലൈനോടെയാണ് ഈ ഹ്രസ്വചിത്രം സിനിമയിൽ അവതരിപ്പിച്ചിരുന്നത്. ഹ്രസ്വചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകളിലും അണിയറപ്രവർത്തകരുടെ ക്രെഡിറ്റ്സിലും ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ അതേ കഥാപാത്രങ്ങളെ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിവിൻ പോളി ഉൾപ്പെടെ 15 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിലുണ്ട് എന്നതാണ് കൗതുകം.
അതേസമയം, പ്രദർശനത്തിനെത്തി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 150 കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. മലയാള ബോക്സ് ഓഫീസിൽ സർവ്വകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തിയാണ് ചിത്രത്തിന്റെ കുതിപ്പ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പുകൾ സെപ്റ്റംബർ 4-ന് തിയേറ്ററുകളിലെത്തും.
'പ്രേമം' നടനും 'പ്രേമലു' സംവിധായകനും ഒന്നിക്കുന്ന ചിത്രം എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ തമിഴ്, തെലുങ്ക് ട്രെയിലറുകൾ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. അന്യഭാഷകളിലും ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. 'പ്രേമം', 'പ്രേമലു' എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം തമിഴ്‌നാട്ടിൽ വമ്പൻ മുന്നേറ്റം നടത്താനാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവനാ സ്റ്റുഡിയോസ് ടീം ഒരുങ്ങുന്നത്.