തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാരിന്‍റെ 100 ദിനങ്ങളെ കുറിച്ചുള്ള ചോദ്യത്തിനോടുള്ള സൂപ്പർ താരം രജിനികാന്തിന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പോകുകയാണ് രജിനികാന്ത് ചെയ്തത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ചാണ് മാധ്യമപ്രവർത്തകർ മുതലമച്ചര്‍ വിജയ്‌യുടെ 100 ദിവസത്തെ ഭരണത്തെക്കുറിച്ച് രജനീകാന്തിനോട് അഭിപ്രായം ചോദിച്ചത്. എന്നാൽ ഇതിന് മറുപടി പറയാൻ തയ്യാറാകാതിരുന്ന തലൈവര്‍ പുഞ്ചിരിച്ച് കാറിലേക്ക് കയറുകയായിരുന്നു.
മേയിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വിജയ്‌യുടെ വലിയ വിജയത്തിൽ രജിനികാന്ത് നേരത്തെ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും തമിഴ്നാട്ടിലെ ഭരണം പിടിച്ചെടുക്കലും. സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിന് വിരാമമിട്ട് തമിഴ്നാട് മുഖ്യമന്ത്രിയായി മെയ് 10നാണ് തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ഓഗസ്റ്റ് 17ന് അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായി 100 ദിവസം പൂർത്തിയാക്കിയിരുന്നു.
മുഖ്യമന്ത്രിയായി 100 ദിവസം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ 'ആവിൻ' പാൽ സംഭരണ വില വർധിപ്പിക്കൽ, എംഎൽഎമാർക്ക് വാഹനം അനുവദിക്കൽ തുടങ്ങി നിരവധി നിർണായക തീരുമാനങ്ങൾ വിജയ് സർക്കാർ കൈക്കൊണ്ടിരുന്നു. അതേസമയം പരസ്യമായി നടത്തുന്ന പ്രസ്താവനകൾ പലപ്പോഴും വിവാദമാകാറുള്ളതിനാൽ പ്രതികരിക്കുമ്പോൾ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് അടുത്തിടെ തന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിൽ രജിനീകാന്ത് തുറന്നുപറഞ്ഞിരുന്നു.