നടൻ ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'പിന്നാലെ'. ചിത്രത്തിലെ അണിയറപ്രവര്‍കര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി സോഷ്യലിടങ്ങളില്‍ വൈറലാവുകയാണ്. പരിപാടികൾക്കിടെ വടംവലി മത്സരത്തിൽ പങ്കെടുക്കവേ നിലത്തുവീണ ഷൈന്‍ ടോമിന്‍റെ ദൃശ്യങ്ങളാണ് വൈറലാവുന്നത്. അണിയറപ്രവർത്തകർക്കും മറ്റ് അഭിനേതാക്കൾക്കുമൊപ്പം സജീവമായി ഓണാഘോഷങ്ങളിൽ പങ്കുചേരുന്നതിനിടയിലാണ് സംഭവം നടന്നത്. വടംവലി മത്സരത്തിൽ ആവേശത്തോടെ പങ്കാളിയായ ഷൈൻ, ഇടക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തേക്ക് വീഴുകയായിരുന്നു. എന്നിട്ടും താരം കയറിന്‍റെ പിടി വിട്ടില്ല. എതിരാളികള്‍ കയറോടെ ഷൈനെ നിലത്തൂടെ വലിച്ചുകൊണ്ടുപോവുകയും ചെയ്തു.
ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ വിനോദ പരിപാടികളുടെ ഭാഗമായിരുന്നു വടംവലി മത്സരം. വീഴ്ചയിൽ നടന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ആഘോഷത്തിനിടയിലെ ഈ രസകരമായ നിമിഷങ്ങളുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ജിസോ ജോസ് സംവിധാനം ചെയ്യുന്ന 'പിന്നാലെ' ഒരു മിസ്റ്ററി ത്രില്ലർ ചിത്രമാണ്. രാഹുൽ മാധവ്, രമ്യ സുരേഷ്, സ്ഫടികം ജോർജ്ജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.