തന്റെ സ്വന്തം സിനിമയുടെ ബോക്സ് ഓഫീസ് പരാജയത്തെ സ്വയം ട്രോളി സംവിധായകൻ വിഘ്നേഷ് ശിവൻ. യഷ് നായകനാകുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം 'ടോക്സിക്കി'ന്റെ ചെന്നൈയിൽ വെച്ച് നടന്ന പ്രമോഷൻ ചടങ്ങിലാണ് വിഘ്നേഷ് ചിരി പടര്‍ത്തിയത്. 'കബീർ സിങ്' എന്ന സിനിമയ്ക്ക് മുൻപ് താൻ കിയാരയോട് പറഞ്ഞ കഥയാണ് പിന്നീട് 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന പേരിൽ സിനിമയാക്കിയതെന്നും, അന്ന് ആ സിനിമ നിരസിച്ചത് കിയാരയുടെ ഭാഗ്യമാണെന്നുമായിരുന്നു വിഘ്നേഷിന്റെ തമാശരൂപേണയുള്ള തുറന്നുപറച്ചിൽ.
‘കിയാര, എനിക്ക് നിന്നെ നേരത്തെ അറിയാം. 'കബീർ സിങ്' എന്ന സിനിമയ്ക്ക് മുൻപ് തന്നെ ഞാൻ നിന്നെ കണ്ട് ഒരു കഥ പറഞ്ഞിട്ടുണ്ടായിരുന്നു. ആ കഥയാണ് ഞാൻ ഇപ്പോൾ 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന പേരിൽ സിനിമയാക്കിയത്. നീ ആ സിനിമ ചെയ്യാതിരുന്നത് നിന്റെ ഭാഗ്യം’ വിഘ്നേഷ് പറയുന്നത് കേട്ട് കിയാരയും ചിരിയടക്കാൻ പാടുപെട്ടു.
പ്രദീപ് രംഗനാഥൻ നായകനായി നയൻതാര നിർമ്മിച്ച് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ റൊമാന്റിക് കോമഡി ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'ക്ക് വലിയ വിജയം നേടാനായിരുന്നില്ല. ജൂണിൽ ഈ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ച വിഘ്നേഷ്, സിനിമയുടെ പരാജയം പൂർണ്ണമായി ഉൾക്കൊള്ളാൻ തനിക്കിപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് തുറന്നുസമ്മതിച്ചിരുന്നു. ചിത്രം ഇഷ്ടപ്പെടുകയും എന്നാൽ ബോക്സ് ഓഫീസിലെ തിരിച്ചടിയിൽ അത്ഭുതം കൂറുകയും ചെയ്ത പ്രേക്ഷകരുടെ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും അദ്ദേഹം അന്ന് പങ്കുവെച്ചിരുന്നു.