geethu-mohandas-yash

കന്നഡ സൂപ്പർതാരം യഷിനെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' റിലീസിന് ഒരുങ്ങുകയാണ്. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്ന പദ്ധതിക്ക് മുന്നിൽ നിന്ന വെല്ലുവിളികളെക്കുറിച്ചും യഷ് നൽകിയ പിന്തുണയെക്കുറിച്ചും ഗീതു മോഹൻദാസ് വൈകാരികമായി സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. കലാമൂല്യമുള്ള തന്റെ ആദ്യ ചിത്രങ്ങളായ 'ലയേഴ്സ് ഡൈസ്', 'മൂത്തോൻ' എന്നിവ നിരൂപക പ്രശംസ നേടിയിട്ടും ഒരു വലിയ ക്യാൻവാസിൽ ചിത്രം ചെയ്യാൻ പലരും തന്നിൽ വിശ്വസിച്ചിരുന്നില്ലെന്ന് ഗീതു മോഹൻദാസ് വെളിപ്പെടുത്തി.

'നിങ്ങൾ കണ്ട ആ ചെറിയ ചിത്രങ്ങൾ ('കേൾക്കുന്നുണ്ടോ', 'ലയേഴ്സ് ഡൈസ്') വെറും 50 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്. 'ലയേഴ്സ് ഡൈസ്' 2014-ൽ ഓസ്കാർ വരെയെത്തി. എന്നാൽ ആരും എന്നെ വിശ്വസിച്ചില്ല. എന്റെ ചിത്രം നിർമിക്കാൻ പണം മുടക്കാൻ ആരും തയ്യാറായില്ല. എനിക്ക് ചെയ്യാൻ കഴിയുമെന്ന് ആരെങ്കിലും വിശ്വസിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. എനിക്ക് വളരെ സങ്കടമായി.

ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അല്പം കൂടി വലിയ ചിത്രമായ 'മൂത്തോൻ' ചെയ്തു. ഒരു താരത്തെ വെച്ച് സിനിമ ചെയ്തു, അതിന് നിരൂപക പ്രശംസ കിട്ടി, ഇനി എനിക്ക് വാണിജ്യ സിനിമകൾ ലഭിക്കുമെന്ന് ഞാൻ കരുതി. എന്നാൽ അതിനുശേഷവും ആരും എന്നിൽ വിശ്വസിച്ചില്ല. എല്ലായ്പ്പോഴും പ്രതിസന്ധിയായിരുന്നു. തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ സിനിമ, താരമൂല്യമുള്ള ഏറ്റവും മികച്ച നടനെ വെച്ച് ഞാൻ ചെയ്യുമെന്ന് ഞാൻ തീരുമാനിച്ചു. അദ്ദേഹം എന്നിൽ വിശ്വസിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.

ഇന്ന് എനിക്ക് പറയാൻ കഴിയും, എന്റെ ഈ യാത്രയിൽ, ലോകത്തിലെ എല്ലാ മനുഷ്യരിലും വെച്ച് യഷ് എന്നിൽ വിശ്വസിച്ചു. 'നിങ്ങൾക്കിത് ചെയ്യാൻ കഴിയും, മുന്നോട്ട് പോകൂ', എന്ന് അദ്ദേഹം പറഞ്ഞു. എന്റെ കൃതജ്ഞത വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. അദ്ദേഹം വിശ്വസിച്ചപ്പോൾ എല്ലാവരും എന്നിൽ വിശ്വസിക്കാൻ തുടങ്ങി. അതൊരു ചെയിൻ റിയാക്ഷൻ പോലെയായിരുന്നു,' ഗീതു പറഞ്ഞു.

ENGLISH SUMMARY:

Renowned filmmaker Geetu Mohandas recently opened up about the immense struggles and financial rejections she faced before directing her upcoming pan-Indian big-budget film 'Toxic' starring Kannada superstar Yash. Speaking at a pre-release event in Chennai, she recalled how nobody was willing to fund her projects despite her critically acclaimed film 'Liar's Dice' reaching the Oscars. She expressed deep emotional gratitude toward Yash, noting that his unwavering belief in her talent sparked a crucial chain reaction in the industry. Her honest revelations about overcoming constant skepticism have quickly gone viral across social media platforms.