yash-radhika-toxic

TOPICS COVERED

പുതിയ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്ന ചിത്രത്തിലെ അടുപ്പമുള്ള രംഗങ്ങളോട് ഭാര്യ രാധിക പണ്ഡിറ്റ് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് മനസ്സുതുറന്ന് കന്നഡ താരം യാഷ്. ഇത്തരം രംഗങ്ങൾ കാണുമ്പോൾ ഏത് പങ്കാളിക്കും സ്വാഭാവികമായും പ്രയാസം തോന്നാമെന്നും എന്നാൽ താനും രാധികയും തമ്മിലുള്ള പരസ്പരവിശ്വാസവും അഭിനേതാക്കളെന്ന നിലയിലുള്ള ധാരണയുമാണ് പ്രധാനമെന്നും രജത് ശര്‍മുടെ 'ആപ് കി അദാലത്ത്' എന്ന പരിപാടിയില്‍ യാഷ് വ്യക്തമാക്കി. 

'ഒരു പങ്കാളിക്കും ഇത്തരം രംഗങ്ങൾ കാണുമ്പോൾ പൂർണ്ണമായും സുഖകരമാകില്ല, അതാണ് യാഥാർഥ്യം. അതിൽ കള്ളം പറയേണ്ടതില്ല,' യാഷ് പറഞ്ഞു. എന്നാൽ, ഇതൊരു കലയാണെന്നും സിനിമ ആവശ്യപ്പെടുന്ന കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സ്വന്തം കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്നാണ് ഈ കഥാപാത്രത്തെ ചെയ്തത്. എനിക്കും ഇത്തരം രംഗങ്ങൾ ചെയ്യുക എളുപ്പമായിരുന്നില്ല. എന്നാൽ കഥയ്ക്ക് അത് അനിവാര്യമായിരുന്നു. രാധികയ്ക്കും ഇത് വലിയ സന്തോഷം നൽകുന്ന കാര്യമായിരിക്കില്ല. പക്ഷേ അവൾക്ക് ദേഷ്യമോ വിഷമമോ ഉണ്ടെന്നല്ല അർഥം. ഒരു നടനെന്ന നിലയിൽ എന്നെ അവൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. രാധികയും ഒരു നടിയാണ്, അതിനാൽ ഇതൊരു ജോലിയുടെ ഭാഗമാണെന്ന് അവൾക്ക് മനസ്സിലാകും. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് അവളുടെ ഭർത്താവല്ല, മറിച്ച് ഒരു നടനാണ്,' യഷ് വ്യക്തമാക്കി.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാചനയിലും യഷ് പങ്കാളിയാണ്. ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് യഷ് എത്തുന്നത്. 'കെജിഎഫ്: ചാപ്റ്റർ 2' വിന് ശേഷം പുറത്തിറങ്ങുന്ന യാഷ് ചിത്രത്തിൽ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്.

ENGLISH SUMMARY:

Kannada star Yash recently opened up about how his wife and fellow actor Radhika Pandit reacts to the intimate scenes in his upcoming film, 'Toxic: A Fairy Tale for Grown-Ups'. During an appearance on Rajat Sharma's show 'Aap Ki Adalat', the actor admitted that such scenes naturally cause discomfort for any partner without sugarcoating the reality. However, he emphasized that mutual trust and a shared understanding of their craft help them navigate these cinematic demands. Directed by Geetu Mohandas, the highly anticipated gangster drama features a star-studded cast including Nayanthara, Kiara Advani, and Huma Qureshi.