യഷ് നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം 'ടോക്സിക്: എ ഫെയറി ടേൽ ഫോർ ഗ്രോൺ-അപ്സ്' ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ഈ ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) 'എ' സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ബെംഗളൂരു സിബിഎഫ്സി റീജ്യണൽ ഓഫീസാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയത്.
ഇതിനൊപ്പം കഥയുടെ ചുരുക്കവും സിബിഎഫ്സി വെബ് സൈറ്റിലുണ്ട്. സ്വാതന്ത്ര്യാനന്തര ഗോവയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോവയിൽ ഒരു ഗാങ്സ്റ്റർ നേരിടുന്ന വിശ്വസ്തതയുടെയും ധാർമികതയുടെയും വ്യക്തിപരമായ വീണ്ടെടുപ്പിന്റെയും സങ്കീർണതകളാണ് ചിത്രം ചർച്ച ചെയ്യുന്നത്. സ്നേഹത്തിന് നൽകേണ്ടിവരുന്ന വിലയും ഇരുളടഞ്ഞ ജീവിതത്തില്‍ നിന്നുമുള്ള അതിജീവനവും സിനിമ വരച്ചുകാട്ടുന്നു. അത്യന്തം ആകാംഷ ജനിപ്പിക്കുന്ന ലോകവും ക്രൂരമായ ആക്ഷൻ രംഗങ്ങളും സദാചാര-ധാർമിക പ്രതിസന്ധികൾ നേരിടുന്ന കഥാപാത്രങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കുമെന്നും ഇതിവൃത്തത്തില്‍ പറയുന്നു.
കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായി രചിച്ചു ചിത്രീകരിച്ച ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്. യഷിനൊപ്പം നയൻതാര, ഹുമ ഖുറേഷി, കിയാര അദ്വാനി, താരാ സുതാരിയ, രുഗ്മിണി വസന്ത് തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.