മോഹന്‍ലാലിനെ വിവാഹം കഴിച്ചതിനെ കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചും മനസ് തുറന്ന് സുചിത്ര മോഹന്‍ലാല്‍. വിവാഹം കഴിക്കണമെന്ന ആഗ്രഹം താന്‍ തന്നെയാണ് വീട്ടില്‍ പറഞ്ഞതെന്നും സിനിമ ഇന്‍സ്ട്രിയില്‍ നിന്നും ഒരാളെ വിവാഹം കഴിക്കന്നതിനെ കുറിച്ച് അച്ഛന്‍ ഉപദേശിച്ചുവെന്നും സുചിത്ര പറഞ്ഞു. എന്നാല്‍ വിവാഹശേഷം മോഹന്‍ലാല്‍ തനിക്ക് വേണ്ട ബഹുമാനം നല്‍കിയിരുന്നുവെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര പറഞ്ഞു.
'ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. ഒരു കല്യാണത്തിന് വച്ചാണ് ചേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത്. ആരാധിക എന്ന നിലയ്ക്ക് അടുത്ത് ചെന്ന് ഫോട്ടോ ഒക്കെയെടുത്തു. ആ ഫോട്ടോ ഇന്നേ വരെ എന്‍റെ കയ്യില്‍ കിട്ടിയിട്ടില്ല. അതിനുശേഷം ഞാനാണ് വീട്ടില്‍ പറഞ്ഞത്. വീട്ടില്‍ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. സുകുമാരി ആന്‍റി വഴി ചോദിക്കാന്‍ ഞാന്‍ പറഞ്ഞു. അച്ഛന് സുകുമാരി ആന്‍റീയെ നന്നായി അറിയാമായിരുന്നു.
ഭര്‍ത്താവ് എന്ന നിലയ്ക്ക് എനിക്കൊരു പരാതിയുമില്ല. ഷൂട്ടിന് പോകുമ്പോള്‍ കുറെ ദിവസമൊക്കെ കാണാതിരിക്കും. വിവാഹകാര്യം പറഞ്ഞപ്പോള്‍ അച്ഛന്‍ ഒരു ഉപദേശമാണ് തന്നത്, സിനിമ ഇന്‍ഡസ്ട്രിയിലുള്ള ഒരാളെയാണ് വിവാഹം കഴിക്കാന്‍ പോകുന്നത്, താമസിച്ചാവും വീട്ടിലെത്തുക, ചിലപ്പോള്‍ കുറേ ദിവസം വന്നില്ലായെന്നിരിക്കും, അപ്പോള്‍ നീ മുഖം വീര്‍പ്പിച്ചിരുന്നാല്‍ നടക്കില്ല, പിന്നെ പലതും കാര്യങ്ങള്‍ കേള്‍ക്കേണ്ടിവരും, നാളെ കരഞ്ഞോണ്ടുവന്നാല്‍ ഞാന്‍ നിന്നെ വീട്ടിലേക്ക് തിരിച്ചെടുക്കില്ല, അതുകൊണ്ട് ആലോചിച്ചിട്ട് ചെയ്യണം എന്ന് പറഞ്ഞു.
അതേ അച്ഛന്‍ പിന്നെ ചേട്ടനോട് പറഞ്ഞത് ലാല്‍ അവളെ വഷളാക്കുകയാണെന്നാണ്. അച്ഛന്‍ നോക്കിയത്രയും അല്ലെങ്കില്‍ അതിലും നന്നായി ഞാന്‍ നോക്കണ്ടേ എന്നാണ് ചേട്ടന്‍ ചോദിച്ചത്. എനിക്ക് വേണ്ട ബഹുമാനം ചേട്ടന്‍ തരുന്നുണ്ട്,' സുചിത്ര പറഞ്ഞു.