mammootty-mithun-ramesh

കുറച്ചുനാളുകള്‍ക്ക് മുന്‍പ് തന്നെ ബാധിച്ച ബെൽസ് പാൾസി എന്ന രോഗാവസ്ഥയെ പറ്റി നടനും അവതാരകനുമായ മിഥുന്‍ രമേശ് തുറന്നുപറഞ്ഞിരുന്നു.  മുഖത്തിന്റെ ഒരു വശത്തെ പേശികളിൽ പെട്ടെന്ന് ബലഹീനത അനുഭവപ്പെടുന്ന അവസ്ഥയാണ് ബെൽസ് പാൾസി. ചികിത്സകൾക്കൊടുവിൽ സാധാരണ ജീവിതത്തിലേക്ക് മിഥുൻ തിരിച്ചെത്തിയ വാർത്ത സന്തോഷത്തോടെയാണ് ആരാധകർ കേട്ടത്. ഈ സമയത്ത് മമ്മൂട്ടി തന്നെ വിളിച്ച് വിവരങ്ങള്‍ തിരക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍. ചെറിയ കാര്യങ്ങള്‍ പോലും മമ്മൂട്ടി ഓര്‍ത്തുവക്കുമെന്നും ഒരു വല്യേട്ടന്‍ മൂഡാണെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മിഥുന്‍ രമേശ് പറഞ്ഞു. 

'മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരിലാരാണ് വിളിച്ചതെന്ന് ചോദിച്ചാല്‍ മമ്മൂക്കയാണ് വിളിച്ചത്. മോനേ നിനക്ക് എന്തു പറ്റിയെടാ എന്നാണ് ചോദിച്ചത്. ഒരു വല്യേട്ടന്‍ മൂഡ് നമുക്ക് ശരിക്കും ഫീല്‍ ചെയ്യും. നമ്മള്‍ ചെയ്യുന്ന ഓരോരോ ചെറിയ കാര്യങ്ങളും മമ്മൂക്ക ഓര്‍ത്തുവക്കും, പറയും, ഇതൊക്കെ മമ്മൂക്കയും ലാലേട്ടനും ഓര്‍ത്തുവക്കാറുണ്ട്. പക്ഷേ മമ്മൂക്ക ഭയങ്കരമായി നിരീക്ഷിച്ച് പറയും. മമ്മൂക്ക വളരെ കൃത്യമായി ചിലത് ചോദിക്കും,' മിഥുന്‍ പറഞ്ഞു. 

മോഹന്‍ലാല്‍ മക്കളെ വളര്‍ത്തുന്നതിനെ കുറിച്ചും മിഥുന്‍ സംസാരിച്ചു. 'ഓരോരുത്തരും  വളര്‍ത്തുന്നത് വ്യത്യസ്തമായിരിക്കും. അങ്ങനെ ജഡ്ജ് ചെയ്യാന്‍ പറ്റില്ലല്ലോ. അങ്ങനെ ഫ്രീ ആയി വളര്‍ത്തിയിട്ട് താന്തോന്നികളായി പോയിരുന്നെങ്കില്‍ എന്ത് പറയുമായിരുന്നു. അവര്‍ രണ്ടുപേരും നന്നായി വന്നത് ലാലേട്ടന്‍ വളര്‍ത്തിയ രീതി തന്നെയാവാം. പക്ഷേ അവര്‍ വളര്‍ന്ന സാഹചര്യങ്ങളുടെയൊക്കെ വ്യത്യാസമുണ്ട്. ഒരു സാധാരണക്കാരന്‍ അതുപോലെ മക്കള്‍ ഫ്രീ തിങ്കേഴ്സായി ജീവിച്ചോട്ടെ എന്ന് പറഞ്ഞുകഴിഞ്ഞാല്‍ ചിലപ്പോള്‍ അത് നടന്നെന്ന് വരില്ല,' മിഥുന്‍ രമേശിന്‍റെ വാക്കുകള്‍

ENGLISH SUMMARY:

Actor and anchor Mithun Ramesh recently opened up about his recovery from Bells Palsy, a medical condition that causes sudden weakness in facial muscles. During a recent interview, he shared that megastar Mammootty personally called him to inquire about his health with immense care. He expressed deep admiration for how veterans like Mammootty and Mohanlal notice and remember even small details about fellow artists. Additionally, Mithun discussed parenting perspectives regarding Mohanlal's approach to raising his children.