മലയാള സിനിമയുടെ അതുല്യ പ്രതിഭകളുടെ സമാഗമമായി 2026 ലെ മഴവില്‍ എന്റർടെയ്ൻമെന്റ് അവാർഡ് സമര്‍പ്പണ ചടങ്ങ്. ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ കളങ്കാവല്‍, പേട്രിയറ്റ് സിനിമകളിലെ പകരംവയ്ക്കാനില്ലാത്ത പ്രകടനത്തിന് മമ്മൂട്ടിക്ക് എന്റര്‍ടെയ്നര്‍ ഓഫ് ദി ഇയര്‍ –ആക്ടര്‍ പുരസ്കാരം മോഹന്‍ലാല്‍ സമ്മാനിച്ചു. ദാദ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ മോഹന്‍ലാലിനെ മമ്മൂട്ടിയും നാലാം തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും പത്മഭൂഷണും നേടിയ മമ്മൂട്ടിയെ മോഹന്‍ലാലും ആദരിച്ചു. മലയാളത്തിന്റെ പ്രിയനടി ഷീല, മലയാള മനോരമ എക്സിക്യുട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മന്‍ മാത്യു എന്നിവര്‍ സന്നിഹിതരായി.
അള്‍ട്ടിമേറ്റ് എന്റര്‍ടെയ്നര്‍ പുരസ്കാരം ബാലചന്ദ്ര മേനോനും മാസ്റ്റര്‍ എന്‍റര്‍ടെയ്നര്‍ ആക്ടര്‍ പുരസ്കാരം മുകേഷും ഡയറക്ടര്‍ പുരസ്കാരം കമലും ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം വാഴ 2 ഉം, മികച്ച സീക്വലിനുള്ള പുരസ്കാരം ദൃശ്യം–3യും സ്വന്തമാക്കി. എന്റര്‍ടെയ്നര്‍ ഓഫ് ദി ഇയര്‍– ഓള്‍റൗണ്ടര്‍ പുരസ്കാരം ഷറഫുദ്ദീന്‍, എന്‍റര്‍ടെയ്നര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം വെഴ്സറ്റൈല്‍ സൈജു കുറുപ്പും നേടി. ക്യാരക്ടര്‍ റോളിനുള്ള പുരസ്കാരം വിനീത്, കലാരരഞ്ജിനി, ഫര്‍സാന പാലത്തിങ്കല്‍ എന്നിവരും മികച്ച നെഗറ്റീവ് റോളിനുള്ള പുരസ്കാരം കലാഭവന്‍ ഷാജോണും കോമഡി വിഭാഗത്തില്‍ ലാലു അലക്സും സ്വീകരിച്ചു. ദില്‍ജിത്ത് അയ്യത്താനാണ് എന്‍ര്‍ടെയ്നര്‍ ഓഫ് ദി ഇയര്‍– ഡയറക്ടര്‍. അപ്കമിങ് ഡയറര്ടര്‍ക്കുള്ള പുരസ്കാരം കൃഷ്ണദാസ് മുരളിയും അരങ്ങേറ്റ പുരസ്കാരം കല്യാണി പണിക്കര്‍, എസ്.എ.സവിന്‍ എന്നിവരും ഏറ്റുവാങ്ങി.
അരങ്ങിലും അണിയറയിലും സുരാജ് വെഞ്ഞാറമ്മൂട് താരമായി. നവ്യ നായര്‍, സ്വാസിക, മാളവിക മേനോന്‍, നിഖില വിമല്‍, ഗോവിന്ദ് പത്മസൂര്യ, ഗോപിക, സാനിയ, റംസാന്‍, റാണിയ റാണ, സാരംഗി ശ്യാം, മോക്ഷ, കല്യാണി പണിക്കര്‍ എന്നിവര്‍ നൃത്താവിഷ്കാരങ്ങളുമായി അവാര്‍ഡ് നിശ മനോഹരമാക്കി. സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിരുന്നൊരുക്കിയ വേദിയിൽ ഗായകൻ എം.ജി. ശ്രീകുമാർ മോഹൻലാലിന്റെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി നടത്തിയ മെഡ്‌ലി പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തി. മമ്മൂട്ടിയുടെ സിനിമജീവിതത്തെ അടിസ്ഥാനമാക്കി മധു ബാലകൃഷ്ണനും ഗാനങ്ങൾ അവതരിപ്പിച്ചു. കൂടാതെ, പ്രിയ ഗായിക എസ്. ജാനകിക്ക് പ്രത്യേക സംഗീതാദരവും വേദിയിൽ ഒരുക്കി. മലബാർ ഗോൾഡ് & ഡയമണ്ട്സ് മുഖ്യ പ്രായോജകരും ഐബിഎസ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്‍, യുജിഎസ് ഗോൾഡ് ലോൺ, മൈജി ഫ്യൂച്ചർ, മിൽക്കി മിസ്റ്റ്, കല്യാൺ സിൽക്സ്, എം ഫോർ മാരി.കോം എന്നിവർ സഹപ്രായോജകരുമായ താരനിബിഡമായ പരിപാടി ശനി, ഞായർ ദിവസങ്ങളിൽ 22 & 23 വൈകിട്ട് രാത്രി 7 മണി മുതൽ മഴവിൽ മനോരമയിലും, മനോരമ മാക്സിലും പ്രേക്ഷകർക്ക് കാണാം.