suchitra-mohanlal-interview-pranav

പ്രണവ് മോഹൻലാലിന്റെ യാത്രകളെകുറിച്ചുള്ള ഭ്രമം മലയാളിക്ക് പുതുമയുള്ള കാര്യമല്ല. പ്രണവിന്‍റെ യാത്രകളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അമ്മ സുചിത്ര.

പ്രണവ് നിലവിൽ ചെന്നൈയിലാണെന്നും ഉടൻ ലണ്ടനിലേയ്ക്ക് പോകുമെന്നുമാണ് സുചിത്ര പറയുന്നത്. എന്നാൽ എപ്പോൾ തിരിച്ചെത്തുമെന്ന കാര്യത്തിൽ പ്രണവിന് പോലും കൃത്യമായ ധാരണയില്ലെന്നും അവർ വ്യക്തമാക്കി. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം പറഞ്ഞത്. 

ലണ്ടനിൽ ഏതോ സംഗീത ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് പ്രണവ് പോകുന്നതെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു. രണ്ട് മാസമോ അതിൽ കൂടുതലോ സമയം കഴിഞ്ഞേക്കാം തിരിച്ചുവരാൻ. അതിനാൽ തിരിച്ചുവരവിനായി കൃത്യമായ തീയതി നിശ്ചയിച്ചിട്ടില്ലെന്നും സുചിത്ര വ്യക്തമാക്കി.

“ഇപ്പോൾ അവൻ ചെന്നൈയിൽ ഉണ്ട്. അടുത്ത ദിവസം തന്നെ ലണ്ടനിലേയ്ക്ക് പോകും. അവിടെ എന്തോ മ്യൂസിക് ഫെസ്റ്റോ മറ്റോ ഉണ്ടെന്ന് പറഞ്ഞു. എപ്പോഴാണ് തിരിച്ചുവരുന്നതെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നാണ് പറഞ്ഞത്. ചിലപ്പോൾ രണ്ടുമാസം, അല്ലെങ്കിൽ അതിൽ കൂടുതലും ആകുമെന്നാണ് പറഞ്ഞത്. വൺവേ ടിക്കറ്റാണല്ലോ എടുക്കുന്നത്,” എന്ന് സുചിത്ര പറഞ്ഞു.

പ്രണവ് പുതിയൊരു സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടതായി അറിഞ്ഞിട്ടുണ്ടെന്നും എന്നാൽ സിനിമ ഏതാണെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും സുചിത്ര വ്യക്തമാക്കി. മകന്റെ സിനിമാ കാര്യങ്ങളിൽ ഇപ്പോൾ താൻ ഇടപെടാറില്ലെന്നും പ്രണവ് തന്നെയാണ് തന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അവർ പറഞ്ഞു. പ്രണവിന്റെ ‘ഡീയസ് ഇറേ’ എന്ന ചിത്രത്തെക്കുറിച്ചും തനിക്ക് കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് സുചിത്ര പറഞ്ഞു. സംവിധായകൻ രാഹുൽ സദാശിവനുമായി പ്രണവ് എങ്ങനെയാണ് ബന്ധപ്പെട്ടതെന്നുപോലും തനിക്ക് അറിയില്ലെന്നും മകൻ തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സമയമായെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, പ്രണവിന്റെയും സഹോദരി വിസ്മയ മോഹൻലാലിന്റെയും മലയാള ഭാഷാ പരിജ്ഞാനത്തെക്കുറിച്ചും സുചിത്ര അഭിമുഖത്തിൽ സംസാരിച്ചു. ചെറുപ്പത്തിൽ തന്നെ ഇരുവരും ഹോസ്റ്റലിൽ പഠിച്ചതും വീട്ടിൽ കൂടുതലായി ഇംഗ്ലീഷ് സംസാരിച്ചിരുന്നതുമാണ് മലയാള ഭാഷയിലുള്ള പരിജ്ഞാനം കുറയാൻ കാരണമെന്ന് അവർ പറഞ്ഞു.