Image Credit : Instagram
കൊച്ചിന്‍ ഹനീഫയുടെ ഭാര്യയേയും മക്കളേയും കാണാന്‍ പുതിയ വീട്ടിലെത്തി മലയാളികളുടെ എക്കാലത്തെയും പ്രിയതാരം കാര്‍ത്തിക. ഭർത്താവ് ഡോ.സുനിലിനൊപ്പമാണ് ഹനീഫാസ് എ.ബി മൻസിലിൽ കാര്‍ത്തികയെത്തിയത്. കൊച്ചിന്‍ ഹനീഫയുടെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ചിരിച്ചും വിശേഷങ്ങള്‍ പങ്കുവച്ചും നില്‍ക്കുന്ന കാര്‍ത്തികയുടെ വിഡിയോ ഫിറോസാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. കൊച്ചിൻ ഹനീഫയുടെ ഭാര്യാ സഹോദരനാണ് ഫിറോസ്. വിഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിറഞ്ഞ കയ്യടിയാണ് കാര്‍ത്തികയ്ക്ക് സോഷ്യല്‍ലോകത്ത് നിന്ന് ലഭിക്കുന്നത്.
കാര്‍ത്തികയുടെ വിഡിയോയ്‌ക്കൊപ്പം ഫിറോസ് പങ്കുവച്ച കുറിപ്പ് ഇങ്ങനെ...‘1985 മുതൽ നാല് വർഷം മാത്രം സിനിമയിൽ അഭിനയിച്ചു. അഭിനയിച്ച സിനിമകളെല്ലാം സൂപ്പർ ഡൂപ്പർ ഹിറ്റുകൾ. പിന്നീട് അങ്ങോട്ട് നാൽപത് വർഷം നമ്മൾ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. സിനിമയിലോ പൊതുവേദികളിലോ പിന്നീട് അധികം കണ്ടിട്ടില്ല. ഇന്നലെ, കൊച്ചിൻ ഹനീഫാസ് എ.ബി മൻസിലിൽ അവർ വീണ്ടും വന്നു. ആ ഒരു മണിക്കൂർ.. അതൊരു പോസിറ്റീവ് വൈബ് തന്നെയായിരുന്നു,’ഫിറോസ് കുറിച്ചു.
ജീവിതത്തിൽ ഒരിക്കലും തോറ്റുപോകാത്ത ആ കുടുംബത്തെ ചേർത്തുപിടിച്ച്, അവർക്ക് പരമാവധി പ്രചോദനവും സ്നേഹവും നൽകിയാണ് കാര്‍ത്തിക മടങ്ങിയതെന്നും ഫിറോസ് കുറിച്ചു. മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായിക, കാർത്തിക ചേച്ചി എന്നു കൂടി കുറിച്ചുകൊണ്ടാണ് ഫിറോസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കൊച്ചിന്‍ ഹനീഫയുടെ കുടുംബം സ്വന്തം വീടെന്ന സ്വപ്‌നം സാക്ഷാത്കരിച്ചത്. മമ്മൂട്ടി അടക്കമുളള സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ പുതിയ വീടും കൊച്ചിന്‍ ഫനീഫയുടെ കുടുംബത്തെയും കാണാന്‍ ഹനീഫാസ് എ.ബി മൻസിലിൽ എത്തിയിരുന്നു.