instagram.com/sunnyleone/

പുതിയ പ്രോജക്റ്റുകളുടെ വിജയത്തിനായി ഇസ്‌കോൺ ക്ഷേത്രത്തിൽ ദർശനം നടത്തി സണ്ണി ലിയോണി. ഞായറാഴ്ചയാണ് ഭർത്താവ് ഡാനിയൽ വെബ്ബറിനൊപ്പം മുംബൈയിലെ ഇസ്‌കോൺ (ISKCON) ക്ഷേത്രത്തില്‍ സണ്ണി ദര്‍ശനത്തിനെത്തിയത്. ദർശനം നടത്തുന്ന സണ്ണിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഡസ്റ്റി പിങ്ക് നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത മനോഹരമായ സൽവാർ സ്യൂട്ട് ധരിച്ച് ‌വളരെ ലളിതമായ രീതിയിലായിരുന്നു താരം ക്ഷേത്രത്തിലെത്തിയത്. വരാനിരിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് അനുഗ്രഹം തേടി ഇരുവരും ദര്‍ശനം നടത്തിയത്.

‘പുതിയ തുടക്കം! ഈ കഥയെകുറിച്ച് ഞാൻ ഏറെ ആവേശത്തിലാണ്. ഇതുപോലൊന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല. ആ യാത്രയ്ക്ക് തയ്യാറെടുക്കൂ!!’– സണ്ണി ചിത്രങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം, ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താരം വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും സണ്ണിയുടെ ഈ 'സ്പിരിച്വൽ ലുക്ക്' ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

സെപ്റ്റംബർ അവസാനത്തോടെ റിലീസ് ചെയ്യാൻ സാധ്യതയുള്ള 'ചുഡേല്‍' എന്ന ചിത്രമാണ് സണ്ണിയുടേതായി വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റുകളിൽ ഒന്ന്. പാൻ- ഇന്ത്യ റിലീസായി എത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ തിയറ്ററിലെത്തും. ഉത്തരേന്ത്യൻ നാടോടിക്കഥകളിലെ സ്ത്രീപ്രേതമാണ് ‘ചുഡേൽ’. അതുകൊണ്ടു തന്നെ ഹോറര്‍– കോമഡി ആയിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്.

സിനിമകൾക്കപ്പുറം തന്റെ 'ഡിജെ വേൾഡ് ടൂറിന്റെ' തിരക്കുകളിലാണ് താരം. ഇന്ത്യയിലെയും തായ്‌ലൻഡ്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിലെയും വിവിധ നഗരങ്ങളിൽ സണ്ണി ലിയോണി ഇതിനകം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Actress Sunny Leone recently visited the ISKCON temple in Mumbai with her husband, Daniel Weber, to seek blessings for her upcoming projects. Dressed in an elegant dusty pink embroidered salwar suit, she kept her temple look simple and traditional. While specific details about her new cinematic venture remain unannounced, her pan-India horror-comedy film 'Chudail' is slated for release around the end of September. Alongside her film commitments, the versatile star is currently busy managing her ongoing international DJ world tour.