എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

കരിയറിലെ കൃത്യമായ തീരുമാനങ്ങളും മാറ്റങ്ങളും ഒരാളുടെ വളര്‍ച്ചെയയും സാമ്പത്തികാവസ്ഥയേയും നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. ഇപ്പോളിതാ തന്‍റെ വിജയ കഥ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു ഇന്ത്യൻ യുവാവ്. ഈ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റെഡ്ഡിറ്റ്' പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് 37 കാരനായ യുവാവ് തന്‍റെ വളർച്ചയുടെ കഥ വെളിപ്പെടുത്തിയത്. 34-ാം വയസ്സിൽ 1 കോടി രൂപയായിരുന്ന തന്‍റെ ആസ്തി, മിഡിൽ ഈസ്റ്റിലെ കൺസൾട്ടിങ് ജോലിയില്‍ പ്രവേശിച്ച ശേഷം വെറും 3 വർഷം കൊണ്ട് 7.5 കോടി രൂപയായി വളർന്നെന്നാണ് യുവാവ് പറയുന്നു.

എൻജിനീയറിങ്, എം.ബി.എ ബിരുദധാരിയായ ഇദ്ദേഹം 22-ാം വയസ്സില്‍ ട്രെയിനിയായി കരിയർ ആരംഭിക്കുമ്പോൾ പ്രതിവർഷ ശമ്പളം 10 ലക്ഷം രൂപയായിരുന്നു. എം.ബി.എ പൂർത്തിയാക്കിയ ശേഷം 26-ാം വയസ്സിൽ മാനേജ്മെന്റ് കൺസൾട്ടിംഗിലേക്ക് മാറിയതോടെ ശമ്പളം 25 ലക്ഷം രൂപയായി. 29-ാം വയസ്സിൽ മറ്റൊരു കമ്പനിയിലേക്ക് മാറിയപ്പോൾ ശമ്പളം 40 ലക്ഷത്തിലെത്തി. പിന്നീട് അടുത്ത അഞ്ച് വർഷം കൊണ്ട് ശമ്പളം 65 ലക്ഷം രൂപയായി വർദ്ധിച്ചു. ഇക്കാലയളവിൽ ഇ.പി.എഫ്, സ്വർണം, ഓഹരി, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലൂടെ തന്റെ ആസ്തി 1 കോടി രൂപയിലെത്തിക്കാൻ യുവാവ് കഴിഞ്ഞു.

പിന്നീട്, 34-ാം വയസ്സിലാണ് യുവാവിന്‍റെ കരിയറിൽ വഴിതിരിവുണ്ടായത്. മിഡിൽ ഈസ്റ്റിലെ പ്രമുഖ മാനേജ്മെന്റ് കൺസൾട്ടിങ് കമ്പനിയിലേക്ക് മാറിയതോടെ വാർഷിക വരുമാനം നികുതി രഹിതമായി ഏകദേശം 3.5 കോടി രൂപയായി (ഏകദേശം 400,000 ഡോളർ) ഉയർന്നു. ‘ഇപ്പോൾ 37 വയസ്സായ ഞാൻ, കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ഏകദേശം 6.5 കോടി രൂപയാണ് സമ്പാദിച്ചത്. ഇതോടെ എന്റെ മൊത്തത്തിലുള്ള ആസ്തി 7.5 കോടി രൂപയായി ഉയർന്നുവെന്നും യുവാവ് റെഡ്ഡിറ്റിൽ കുറിച്ചു.

തന്റെ സമ്പാദ്യം വിവിധ മേഖലകളിലായി നിക്ഷേപിച്ചിട്ടുണ്ടെന്നും യുവാവ് വ്യക്തമാക്കുന്നു. മുംബൈയിൽ മൂന്ന് പ്രോപ്പർട്ടികൾ. ഫിസിക്കൽ ഗോൾഡും സോവറിൻ ഗോൾഡ് ബോണ്ടുകളും (SGB) ഉൾപ്പെടെ ഏകദേശം 700 ഗ്രാം സ്വർണം. ഓഹരി വിപണിയിൽ ഏകദേശം 30 ലക്ഷം രൂപയുടെ നിക്ഷേപം. ഭാവിയിൽ ഓഹരി നിക്ഷേപം കൂടുതൽ വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും യുവാവ് പറയുന്നു.

യുവാവിന്‍റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. കഠിനാധ്വാനത്തിലൂടെയും കൃത്യമായ പ്ലാനിങിലൂടെയും മാത്രമേ ഇത്തരത്തില്‍ നേട്ടം കൈവരിക്കാനാകൂ എന്ന് പലരും അഭിപ്രായപ്പെട്ടു. മികച്ച കരിയർ വളർച്ച ലക്ഷ്യമിടുന്ന നിരവധി യുവാക്കൾക്ക് താങ്കള്‍ പ്രചോദനമാകട്ടെ എന്നും ആളുകള്‍ ആശംസിക്കുന്നുണ്ട്.

ENGLISH SUMMARY:

An Indian professional recently shared his inspiring career journey on Reddit, detailing how his net worth surged from 1 crore to 7.5 crore rupees in just three years. Armed with an engineering and MBA background, he steadily climbed the corporate ladder before landing a tax-free consulting role in the Middle East at age 34. His annual income skyrocketed to roughly 3.5 crore rupees, allowing him to accumulate substantial savings and diversified investments in real estate, gold, and stocks. The viral post has garnered widespread attention and praise from netizens, who view his disciplined financial planning as a major motivation for young professionals.