aiswarya-1

TOPICS COVERED

മെഡിക്കൽ കരിയർ ഉപേക്ഷിച്ചും മാതാപിതാക്കളുടെ പ്രതീക്ഷകൾ മറികടന്നുമാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലേക്കെത്തിയതെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഐശ്വര്യയുടെ സിനിമാ ജീവിതത്തെക്കുറിച്ചും കുടുംബം നേരിട്ട ആശങ്കകളെക്കുറിച്ചും സംസാരിച്ചത്. ഒരുകാലത്ത് വിവാഹം കഴിക്കില്ലെന്ന് ഉറച്ച നിലപാടെടുത്തിരുന്ന ഐശ്വര്യ ഇപ്പോൾ ഒരു റിലേഷൻഷിപ്പിലാണെന്നും അമ്മയാകണമെന്ന ആഗ്രഹം തുറന്നു പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

ആലപ്പി അഷ്റഫിന്‍റെ വാക്കുകൾ

ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ ചിത്രമായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' ശ്രദ്ധിക്കപ്പെട്ടെങ്കിലും, **'മായാനദി'**യാണ് നടിക്ക് വലിയ വഴിത്തിരിവായത്. ചിത്രത്തിലെ ഇന്‍റിമേറ്റ് രംഗങ്ങൾ കണ്ട ശേഷം മാതാപിതാക്കൾ കുറച്ചുദിവസം തന്നോട് മിണ്ടിയില്ലെന്ന് ഐശ്വര്യ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.

ഐശ്വര്യയുടെ അടുത്ത ബന്ധുവൊരാൾ പറഞ്ഞ വിവരവും അദ്ദേഹം പങ്കുവച്ചു. മകളുടെ വിവാഹത്തിനായി ഒരു കിലോ സ്വർണവും മറ്റ് ഒരുക്കങ്ങളും മാതാപിതാക്കൾ മുൻകൂട്ടി നടത്തിയിരുന്നുവെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. ഇന്ന് സിനിമയിലൂടെ കോടികൾ സമ്പാദിച്ചിട്ടും ഐശ്വര്യയുടെ കൈയിൽ നിന്ന് ഒരു രൂപപോലും മാതാപിതാക്കൾ സ്വീകരിക്കാറില്ലെന്നും, അമ്മയ്ക്ക് സ്വന്തം ആഗ്രഹപ്രകാരം വാങ്ങിക്കൊടുത്ത ഒരു സാരി പോലും അമ്മ നിരസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐശ്വര്യ പുതുതലമുറയുടെ മാറ്റങ്ങളുടെ പ്രതീകമാണെന്നും, ആ മാറ്റം ഉൾക്കൊള്ളാൻ മാതാപിതാക്കൾക്ക് പ്രയാസമായിരിക്കാമെന്നും ആലപ്പി അഷ്റഫ് അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കേണ്ടിവരുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ച് പുരുഷന്മാരും സ്ത്രീകളും അപൂർവമായേ തുറന്നു സംസാരിക്കാറുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാല്യകാല അനുഭവങ്ങളും കൗമാരത്തിലെ ചില ബന്ധങ്ങളും കുടുംബവുമായി ബന്ധപ്പെട്ട മാനസിക സംഘർഷങ്ങളും തന്നെ പലപ്പോഴും അലട്ടിയിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. പുറത്തുള്ളവരോട് ശാന്തമായി പെരുമാറിയിരുന്നെങ്കിലും വീട്ടിലെത്തിയാൽ മാതാപിതാക്കളോട് ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്നും, പിന്നീട് സ്വയം വിലയിരുത്തിയപ്പോഴാണ് അതിന്റെ കാരണം മനസ്സിലാക്കി തെറാപ്പി തേടാൻ തീരുമാനിച്ചതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

വീട്ടുകാരെപ്പോലും അറിയിക്കാതെയാണ് ഐശ്വര്യ തെറാപ്പി ആരംഭിച്ചത്. സ്വന്തം വ്യക്തിത്വം, ആശയക്കുഴപ്പങ്ങൾ, മാനസിക ആഘാതങ്ങൾ, ബന്ധങ്ങൾ, മാതാപിതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ തെറാപ്പിസ്റ്റിനോട് തുറന്നുപറയാൻ കഴിഞ്ഞതോടെയാണ് ജീവിതത്തിൽ വലിയ മാറ്റമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്ന് വികാരാധീനയാകുന്ന സ്വഭാവത്തിൽ നിന്ന് മാറി, കൂടുതൽ ശാന്തമായി സാഹചര്യങ്ങളെ നേരിടാൻ ഇപ്പോൾ തനിക്ക് കഴിയുന്നുണ്ടെന്ന് ഐശ്വര്യ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുകാലത്ത് വിവാഹം കഴിക്കില്ലെന്നും ഭർത്താവും കുടുംബവുമെന്ന സങ്കൽപം തന്റെ ജീവിതത്തിലില്ലെന്നും പറഞ്ഞിരുന്ന ഐശ്വര്യയുടെ കാഴ്ചപ്പാടിൽ ഇപ്പോൾ മാറ്റമുണ്ടായിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. വിവാഹം കഴിക്കണമെന്നും അമ്മയാകണമെന്നുമുള്ള ആഗ്രഹം ഇപ്പോൾ ഐശ്വര്യ തുറന്നു പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കുടുംബജീവിതത്തേക്കാൾ അമ്മയാകുക എന്ന ആഗ്രഹമാണ് ഇപ്പോൾ കൂടുതൽ ശക്തമെന്നാണ് ഐശ്വര്യ പറയുന്നത്. കുട്ടിയെ ദത്തെടുക്കാൻ താൽപര്യമില്ലെന്നും, താൻ പ്രസവിക്കുന്ന കുഞ്ഞ് തന്നെ 'അമ്മ' എന്ന് വിളിക്കണമെന്നാണ് ആഗ്രഹമെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. നിലവിൽ ഒരു റിലേഷൻഷിപ്പിലാണെന്നും, എന്നാൽ ആ വ്യക്തിയുടെ വിവരങ്ങൾ വെളിപ്പെടുത്താൻ ഐശ്വര്യ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ചിത്രത്തിൽ കുട്ടിയുടെ അമ്മയായി അഭിനയിച്ച അനുഭവമാണ് തനിക്കും അമ്മയാകണമെന്ന ആഗ്രഹം ശക്തമാക്കിയതെന്നും, ആ കഥാപാത്രത്തിലൂടെ അനുഭവിച്ച മാതൃസ്നേഹം യഥാർഥ ജീവിതത്തിലും അനുഭവിക്കണമെന്ന ആഗ്രഹം അന്നുമുതൽ മനസ്സിലുണ്ടായെന്നും ഐശ്വര്യ പറഞ്ഞതായി ആലപ്പി അഷ്റഫ് വ്യക്തമാക്കി.

നിലവിൽ തമിഴിലും തെലുങ്കിലും തിരക്കേറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. അഭിനയത്തിനൊപ്പം അഭിമുഖങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളും മാനസികാരോഗ്യത്തെക്കുറിച്ചുള്ള നിലപാടുകളും തുറന്നു പറയുന്ന താരമെന്ന നിലയിലും ഐശ്വര്യ ശ്രദ്ധ നേടുന്നുണ്ട്.

Director Alappey Ashraf discusses Aishwarya Lekshmi's journey into cinema, highlighting her departure from a medical career and overcoming parental expectations.: