നടൻ യഷിന്‍റെ  റിലീസിനൊരുങ്ങുന്ന  പുതിയ ചിത്രമായ ‘ടോക്സിക്’ ട്രെയിലറിലെ റൊമാന്റിക് രംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നടി റിഷിക സിങ് രംഗത്ത്. ചിത്രത്തിലെ ഇന്‍റിമേറ്റ് രംഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചത്. സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിൽ നിങ്ങളെ കർണാടകത്തിൽ നിന്ന് ഞങ്ങൾ തുരത്തും. ഒരു ഭർത്താവും പിതാവുമായ യഷിൽ നിന്ന് സ്ത്രീകളോട് കൂടുതൽ ബഹുമാനം പ്രതീക്ഷിച്ചിരുന്നുവെന്നും ട്രെയിലറിലെ ഇത്തരം ദൃശ്യങ്ങളോട് യോജിക്കാനാകില്ലെന്നുമാണ് റിഷിക വ്യക്തമാക്കിയത്. താൻ ടോക്സിക് ആണ് എന്ന് പറഞ്ഞുകൊണ്ടാണ് അവർ വിഡിയോ അവസാനിപ്പിച്ചത്. 

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് നടിക്കെതിരെ ഉയരുന്നത്. സിനിമയിലെ ഇത്തരം രംഗങ്ങൾ സാങ്കൽപ്പിക കഥയുടെ ഭാഗം മാത്രമാണെന്നും പരസ്പര സമ്മതത്തോടെ അഭിനയിച്ചതാണെന്നും ഒരു വിഭാഗം വാദിച്ചു.  റിഷികയുടെ മുൻകാല സിനിമകളിലെ രംഗങ്ങളും ഫോട്ടോഷൂട്ടുകളും ചൂണ്ടിക്കാട്ടിയും മറ്റൊരു വിഭാഗം രംഗത്തെത്തി.  ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിങ് വേളയിൽ നടിമാർ യഷിനൊപ്പമുള്ള നല്ല അനുഭവങ്ങൾ തുറന്നുപറഞ്ഞിരുന്നുവെന്നും ചിലർ ഓർമിപ്പിച്ചു.  

ഓഗസ്റ്റ് 26നാണ് ‘ടോക്സിക്‘ തിയേറ്ററുകളിലെത്തുന്നത്. ഫാന്‍റസി ഗ്യാങ്സ്റ്റര്‍ ചിത്രം അച്ഛനും മകനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ പറ്റിയാണ് പറയുന്നത്. യഷ് ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മാര്‍ച്ചിലാണ് ആദ്യം ചിത്രം റിലീസ് ചെയ്യാനിരുന്നതെങ്കിലും പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് ജൂണില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞുവെങ്കിലും റിലീസ് വീണ്ടും നീട്ടി. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് യഷിനൊപ്പം ചിത്രത്തിലെത്തുന്നത്.

ENGLISH SUMMARY:

Kannada actress Rishika Singh has faced severe backlash after releasing a viral video criticizing the intimate scenes in the trailer of Yash's upcoming movie 'Toxic'. In her video, Singh warned that they would drive Yash out of Karnataka if women are not respected and expressed deep disappointment in him as a family man. Social media users quickly pushed back against her remarks, pointing to her own past filmography and highlighting that the scenes are purely fictional and consensual. Directed as a fantasy gangster film featuring a dual role for Yash, 'Toxic' is scheduled for theatrical release on August 26.