'ടോക്സിക്; എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സ്' ട്രെയിലര്‍ ലോഞ്ചില്‍ യഷിനെ കുറിച്ച് സംസാരിക്കവേ വിതുമ്പി സംവിധായിക ഗീതു മോഹന്‍ദാസ്. ഈ സിനിമയ്ക്ക് ശേഷവും യഷിന്റെ ഒരു ഭാഗം തന്നോടൊപ്പം എപ്പോഴും ഉണ്ടാകുമെന്നും അത്രമാത്രം സ്വാധീനം തന്നില്‍ യഷ് സൃഷ്ടിച്ചുവെന്നും ഗീതു പറഞ്ഞു. യഷിനൊപ്പം പ്രവർത്തിക്കുന്നത് എങ്ങനെയുള്ള അനുഭവമാണെന്ന് പലരും തന്നോട് ചോദിച്ചിരുന്നു. പ്രിയപ്പെട്ട നിർമാതാവോ, മികച്ച നടനോ, അല്ലെങ്കിൽ സഹ-തിരക്കഥാകൃത്തോ മാത്രമല്ല യഷ്, മറിച്ച് അതൊരു ആഴത്തിലുള്ള വികാരമാണെന്ന് ഗീതു പറഞ്ഞു. 

'ഈ സിനിമയുടെ യാത്രയിൽ എനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണ്. അദ്ദേഹവുമായുള്ള ഓരോ സംഭാഷണവും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. ഈ സിനിമയ്ക്ക് ശേഷവും യഷിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. അത്രമാത്രം സ്വാധീനം എന്നില്‍ യഷ് സൃഷ്ടിച്ചു. ചുറ്റുമുള്ള എല്ലാവരും എന്റെ കഴിവിലും കാര്യപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ചപ്പോൾ എന്നിൽ പൂർണമായും വിശ്വാസമർപ്പിച്ച ഒരേയൊരാൾ യഷ് മാത്രമാണ്. അതിന് അദ്ദേഹത്തോട് വലിയൊരു നന്ദി പറയണം. അതുപോലെ ഈ സിനിമയുടെ ഭാഗമായി നിന്ന നൂറുകണക്കിന് ആളുകളോടും ഹൃദയംതൊട്ട് നന്ദി അറിയിക്കുന്നു,' ഗീതു മോഹൻദാസ് പറഞ്ഞു.

ടോക്സിക് സിനിമയുടെ തിരക്കിനിടെ വർഷങ്ങളായി തന്റെ മകളെ സ്നേഹത്തോടെ നോക്കുന്ന അമ്മയ്ക്കായിരുന്നു ഗീതു ആദ്യം നന്ദി പറഞ്ഞത്. തന്റെ മകൾക്ക് ഉയരങ്ങളിൽ പറക്കാൻ വേണ്ടിയാണ് അമ്മ പേരക്കുട്ടിയെ നോക്കിയതെന്നും, വീട്ടിലുള്ള കുടുംബാംഗങ്ങളുടെ പിന്തുണ എത്രത്തോളം വലുതാണെന്നും അവർ കൂട്ടിച്ചേര്‍ത്തു. 

ഓഗസ്റ്റ് 26നാണ് ടോക്സിക് തിയേറ്ററുകളിലെത്തുന്നത്. ഫാന്‍റസി ഗ്യാങ്സ്റ്റര്‍ ചിത്രം അച്ഛനും മകനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ പറ്റിയാണ് പറയുന്നത്. യഷ് ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മാര്‍ച്ചിലാണ് ആദ്യം ചിത്രം റിലീസ് ചെയ്യാനിരുന്നതെങ്കിലും പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് ജൂണില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞുവെങ്കിലും റിലീസ് വീണ്ടും നീട്ടി. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് യഷിനൊപ്പം ചിത്രത്തിലെത്തുന്നത്. 

ENGLISH SUMMARY:

During the trailer launch event of 'Toxic: A Fairy Tale for Grown Ups', director Geetu Mohandas became emotional while discussing her deep working relationship with lead actor Yash. She revealed that while everyone else around her doubted her capabilities, Yash was the only one who placed complete trust in her vision and supported her throughout the filmmaking journey. Geetu also expressed heartfelt gratitude to her mother for taking care of her daughter so she could pursue her creative ambitions, while thanking the hundreds of crew members involved. Directed by Geetu Mohandas and starring Yash in a dual role alongside a stellar ensemble cast including Nayanthara and Kiara Advani, the fantasy gangster film is slated for theatrical release on August 26.