യഷ്–ഗീതു മോഹന്‍ദാസ് കൂട്ടുകെട്ടിന്‍റെ 'ടോക്സിക്; എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്പ്സ്' റിലീസിനൊരുങ്ങുകയാണ്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് യഷിനൊപ്പം ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. ബെംഗളൂരുവിലാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിങ് ചടങ്ങ് നടന്നത്.
നായികമാരില്‍ കിയാര അദ്വാനിയുടെ പെര്‍ഫോമന്‍സ് ശ്രദ്ധിക്കപ്പെട്ടിരുന്നു. വേദിയില്‍ വച്ച് കിയാരയെ പ്രശംസിച്ചിരിക്കുകയാണ് യഷ്. ഇതുവരെ നേരിട്ട സൈബര്‍ ആക്രമണങ്ങളെ ഒന്നും കാര്യമാക്കരുത് എന്ന് യഷ് കിയാരയെ ഉപദേശിച്ചു. 'നിര്‍ഭാഗ്യവശാല്‍ ഒരു അഭിനേതാവ് എന്ന നിലയ്ക്ക് എന്തൊക്കെയാണ് നീ നേരിട്ടത്. അതൊന്നും കാര്യമാക്കരുത്. നീ വിശ്വസിക്കുന്നത് നീ ചെയ്യണം. ആളുകള്‍ അത് ആഘോഷിക്കും, ആളുകള്‍ അത് പ്രശംസിക്കും, കാലത്തിന് കുറച്ച് മുന്നേയാണ് നാം സഞ്ചരിക്കുന്നത്. ഒരിക്കല്‍ ജനം എല്ലാം തിരിച്ചറിയും,' യഷ് പറഞ്ഞു.
ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ കിയാരക്കെതിരെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. യഷിനൊപ്പമുള്ള 'തബാഹി' ഗാനത്തിലെ രംഗങ്ങളാണ് ഒരു വിഭാഗം പ്രേക്ഷകരെ കിയാരയ്ക്കെതിരെ തിരിച്ചത്. വിവാഹിതയും അമ്മയുമായ കിയാര എന്തിനാണ് ഇത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. എന്നാൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യഷിന് ഇതേ രംഗങ്ങളുടെ പേരിൽ സമാനമായ വിമർശനങ്ങളോ വിദ്വേഷമോ നേരിടേണ്ടി വന്നിട്ടില്ലായിരുന്നു.
ഓഗസ്റ്റ് 26നാണ് ടോക്സിക് തിയേറ്ററുകളിലെത്തുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ഫാന്‍റസി ഗ്യാങ്സ്റ്റര്‍ ചിത്രം ടോക്സികും അച്ഛനും മകനും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ പറ്റിയാണ് പറയുന്നത്. യഷ് ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മാര്‍ച്ചിലാണ് ആദ്യം ചിത്രം റിലീസ് ചെയ്യാനിരുന്നതെങ്കിലും പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് ജൂണില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞുവെങ്കിലും റിലീസ് വീണ്ടും നീട്ടി.