നടന്‍ ജിബിന്‍ ഗോപിനാഥിന്‍റെ അഭിനയ മികവിനെ പുകഴ്ത്തി മമ്മൂട്ടി സംസാരിച്ച വിഡിയോ വൈറലായിരുന്നു. 'കളംകാവല്‍' ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ജിബിനെ ചേര്‍ത്തുപിടിച്ച് 'ഡീയസ് ഈറെ'യിലെ പ്രകടനത്തെ പറ്റി മമ്മൂട്ടി സംസാരിച്ചത്. മമ്മൂട്ടിയുടെ ചേര്‍ത്തുപിടിക്കല്‍ താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് ജിബിന്‍. അന്ന് ധരിച്ചിരുന്ന ഷര്‍ട്ട് അതുപോലെ സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നും തനിക്കത് ഓസ്കാര്‍ പോലെയാണെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ജിബിന്‍ പറഞ്ഞു.
'ഇതുവരെ ചെയ്ത സിനിമകളുടെ ഹൈപ്പിന്‍റെ പുറത്തായിരുന്നു അന്ന് മമ്മൂട്ടി സാര്‍ സ്റ്റേജില്‍ പറഞ്ഞ വാക്കുകള്‍. എന്‍റെ കയ്യീന്ന് പോയാണ് അന്ന് നിന്നത്. സാര്‍ ഇങ്ങനെയൊക്കെ പറയുമെന്ന് അറിയില്ലായിരുന്നു. അതൊരു വല്ലാത്ത ചേര്‍ത്തുപിടിക്കലായിരുന്നു. ആദ്യമായിട്ടാണ് സാര്‍ അങ്ങനെ ചേര്‍ത്തുനിര്‍ത്തുന്നത്.
ഞാനൊരു ഫംങ്ഷന് വേണ്ടി വാങ്ങിയ ഷര്‍ട്ടാണത്. പിന്നെ ഞാനത് ഉപയോഗിച്ചിട്ടില്ല, അന്ന് മടക്കിവച്ചതാണ്. ആ ഷര്‍ട്ട് എടുക്കുമ്പോഴൊക്കെ ആ ഫീല്‍ കിട്ടും. ആ മണം കിട്ടും. ഇങ്ങനെ പറയുന്നത് ശരിയാണോ എന്ന് പോലും എനിക്കറിയില്ല. പക്ഷേ എനിക്ക് അത് അത്രയും വിലപിടിപ്പുള്ളതാണ്. ആ ഷര്‍ട്ട് ഭദ്രമായി വച്ചിട്ടുണ്ട്. ഇടക്കിടക്ക് എടുത്തുനോക്കും. അന്ന് ലഭിച്ചത് ഓസ്കാറിലും വലിയ ബഹുമതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ ഓര്‍മ എനിക്കെപ്പോഴും വേണം. ഓസ്കാര്‍ ശില്‍പം പോലെയാണ് എനിക്ക് ആ ഷര്‍ട്ട്,' ജിബിന്‍ ഗോപിനാഥ് പറഞ്ഞു.