മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമായ കൊച്ചിൻ ഹനീഫയുടെ പുതിയ വീട് സന്ദർശിച്ച് മമ്മൂട്ടി. കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിൻ ഹനീഫയുടെ കുടുംബം കൊച്ചിയിലെ പുതിയ വീട്ടില്‍ താമസം തുടങ്ങിയത്. ഭാര്യ സുൽഫത്തിനൊപ്പമായിരുന്നു മമ്മൂട്ടി കൊച്ചിന്‍ ഹനീഫയുടെ വീട് സന്ദർശിച്ചത്. കൊച്ചിൻ ഹനീഫയുടെ വേർപാടിനു ശേഷവും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സന്തോഷങ്ങളിലും വിഷമങ്ങളിലും എന്നും ഒപ്പം നിൽക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ഹനീഫയുടെ ഭാര്യയോടും മക്കളോടും സംസാരിച്ച നടന്‍ കുടുംബത്തിന്റെ ആവശ്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
മലയാള സിനിമയിൽ വലിയ സൗഹൃദം കാത്തുസൂക്ഷിച്ച കൂട്ടുകെട്ടുകളിലൊന്നായിരുന്നു മമ്മൂട്ടിയുടേതും കൊച്ചിൻ ഹനീഫയുടേതും. കൊച്ചിന്‍ ഹനീഫ ആദ്യമായി സംവിധാനം ചെയ്ത വാല്‍സല്യം എന്ന സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അഭിനയത്തിന് പുറമേ വ്യക്തിജീവിതത്തിലും ഇരുവരും തമ്മിൽ അടുത്ത ബന്ധമാണുണ്ടായിരുന്നത്. പ്രിയ സുഹൃത്തിന്റെ ഓർമ്മകൾ വീണ്ടും പുതുക്കുന്നതായിരുന്നു മമ്മൂട്ടിയുടെ ഈ സന്ദർശനം. ഏറെ സമയം കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കൊച്ചിന്‍ ഹനീഫയുടെ മരണശേഷം 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തിന്‍റെ കുടുംബം കൊച്ചി വെണ്ണലയില്‍ വീടുവെച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്നത്. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യം കൊണ്ട് തന്നെയാണ് ഭാര്യയും മക്കളും വീട് വച്ചത്. ഹനീഫയുടെ ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സഫയും മർവയും ചേർന്നാണ് മമ്മൂട്ടിയെയും സുൽഫത്തിനെയും സ്വീകരിച്ചത്. പുതിയ വീടിന് 'കൊച്ചിൻ ഹനീഫാസ് എ.ബി. മൻസിൽ' എന്നാണ് പേര്. പിതാവ് എ.ബി. മുഹമ്മദിന്റെ ഓർമ നിലനിൽക്കണമെന്ന ഹനീഫയുടെ ആഗ്രഹപ്രകാരമാണ് വീടിന് ആ പേര് നൽകിയിരിക്കുന്നത്. കൊച്ചിൻ ഹനീഫയുടെ സമ്പാദ്യം കൊണ്ടുതന്നെയാണ് കുടുംബം വെണ്ണലയില്‍ വീടുവെച്ചത്.