ലോസ് ആഞ്ചസിലെ മാക്ആർതർ പാർക്കിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. സാക്ഷാൽ ജസ്റ്റിൻ ബീബർ . ഒരു സാധാരണക്കാരനെപോലെ അദ്ദേഹം പാർക്കിലിരുന്ന് പാടുകയും ചെയ്തു.
വെള്ള ടീഷർട്ടും ഷോർട്സും ഇട്ട് കാഷ്വൽ ലുക്കിൽ വന്ന ബീബറെ ആദ്യം ആരും തിരിച്ചറിഞ്ഞില്ല. എന്നാൽ, പതിയെ ആളുകൾ ശ്രദ്ധിച്ചുതുടങ്ങി. പ്രിയതാരം താര ജാഡയൊന്നുമില്ലാതെ വളരെ കൂളായി പാർക്കിൽ വന്നിരിക്കുന്നു. സന്തോഷവും അമ്പരപ്പും കൊണ്ട് ആളുകൾ പെട്ടെന്ന് തടിച്ചുകൂടി. ആളുകൾ അവരുടെ മൊബൈൽ ഫോണെടുത്ത് ബീബറുടെ ചിത്രങ്ങൾ പകർത്താൻ തുടങ്ങി.
എന്നാൽ, ആരാധക്ക് വീണ്ടും ഞെട്ടിച്ചുകൊണ്ട് താരം പാർക്കിലിരുന്ന് തന്‍റെ ഹിറ്റ് ഗാനങ്ങൾ ആലപിക്കുകയായിരുന്നു. 'ലെറ്റ് മി ലവ്','യൂക്കോൺ','ഡെയ്സീസ്', 'സ്പീഡ് ഡീമോൺ' എന്നീ ഗാനങ്ങളാണ് ബീബർ ആരാധകർക്ക് മുന്നിൽ പാടിയത്. മാത്രമല്ല, പാട്ടിനിടയിൽ ജനക്കൂട്ടത്തിൽ നിന്ന് ഒരു കൊച്ചുകുട്ടിയെ കൂടെ പാടാൻ ക്ഷണിക്കുകയും, മറ്റൊരാളുടെ പിറന്നാളിന് ആശംസകൾ നൽകുകയും ചെയ്തിരുന്നു.
ഓൺലൈനിൽ ഒട്ടേറെ ആരാധകരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. 2022-ൽ റാംസേ ഹണ്ട് സിൻഡ്രോം ബാധിച്ചതിനെ തൂടർന്ന് സ്റ്റേജ് ഷോകളിൽ നിന്ന് വിട്ടുനിന്നിരുന്ന ബീബർ, സ്റ്റേഡിയങ്ങൾക്ക് പകരം ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാൻ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.