സിനിമയോടും അഭിനയത്തോടുമുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടല്ല, മറിച്ച് കുടുംബത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധികളും കടങ്ങളും കാരണമാണ് താൻ സിനിമയിലെത്തിയതെന്ന് തമിഴ് സൂപ്പര്‍ താരം സൂര്യ. പ്രശസ്ത നടൻ ശിവകുമാറിന്റെ മകനായി ജനിച്ചുവെങ്കിലും തുടക്കകാലത്ത് സിനിമയോട് തനിക്ക് വലിയ താൽപ്പര്യമില്ലായിരുന്നുവെന്ന് സൂര്യ പറഞ്ഞു. എന്നാൽ കുടുംബം നേരിട്ട കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും കാരണം കുടുംബത്തെ സഹായിക്കേണ്ടത് തന്റെ ആവശ്യമായി മാറിയപ്പോഴാണ് താൻ അഭിനയത്തിലേക്ക് തിരിഞ്ഞതെന്ന് താരം വ്യക്തമാക്കി.
‘ഞാൻ ഒരു നടനാകുമെന്ന് എനിക്കറിയില്ലായിരുന്നു. കാർത്തി എപ്പോഴും സിനിമയിലെത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എനിക്ക് ഒരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല. പക്ഷേ ക്യാമറയ്ക്ക് മുന്നിൽ നിന്ന് എല്ലാം പഠിച്ചു, പിന്നീട്, അത് ഒരു ഉത്തരവാദിത്തമായി മാറി. വീട്ടിൽ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു, എനിക്ക് അഭിനയിക്കേണ്ടി വന്നു. സ്വയം സമ്പാദിച്ച് പണം അമ്മയുടെ കയ്യില്‍ നൽകണമെന്ന് ആഗ്രഹിച്ചു. പക്ഷേ, എല്ലാവരും എന്നെ ഒരുപാട് സ്നേഹിച്ചു. അങ്ങിനെ സ്‌ക്രീനിലെ ഉത്തരവാദിത്തം ഗൗരവത്തോടെ ഏറ്റെടുക്കേണ്ടി വന്നു’- സൂര്യ പറയുന്നു.
തുടക്കത്തിൽ ഉപജീവനത്തിനായി മാത്രം തുടങ്ങിയ ഈ യാത്ര പിന്നീട് കഠിനാധ്വാനത്തിലൂടെയും ആത്മാർത്ഥതയിലൂടെയും തനിക്കേറ്റവും പ്രിയപ്പെട്ട തൊഴിലായി മാറുകയായിരുന്നെന്നും സൂര്യ പറഞ്ഞു. സൂര്യയുടെ പുതിയ ചിത്രം വിശ്വനാഥ് അന്‍ഡ് സണ്‍സിന്‍റെ നിർമ്മാതാക്കളായ സിതാര എന്റർടൈൻമെന്റ് പുറത്തിറക്കിയ അഭിമുഖത്തിലാണ് സൂര്യയുടെ തുറന്നുപറച്ചില്‍. പിന്നീട് സിനിമയുടെ ലോകത്തെ ആഴത്തിൽ മനസ്സിലാക്കാനും ഓരോ കഥാപാത്രത്തെയും ഗൗരവത്തോടെ സമീപിക്കാനും തനിക്ക് കഴിഞ്ഞുവെന്ന് സൂര്യ പറഞ്ഞു. വാരണം ആയിരം പോലുള്ള വ്യത്യസ്ത സിനിമകളുടെ ഭാഗമാകാൻ അവസരം നൽകിയ സംവിധായകരോട് താൻ കടപ്പെട്ടിരിക്കുന്നെന്നും സൂര്യ പറയുന്നു.
തന്റെ പിതാവ് ശിവകുമാറിന്റെ സിനിമകൾ കാണാറില്ലെന്നും സൂര്യ പ്രമോഷൻ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. സിനിമാ അഭിനയത്തിന്റെ തുടക്കക്കാലത്ത് ഉണ്ടായ അനുഭവത്തോടെ അച്ഛന്‍റെ സിനിമകൾ കാണുന്നത് അവസാനിപ്പിച്ചെന്ന് നടൻ പറഞ്ഞു. അച്ഛനുമായുള്ള രൂപസാദൃശ്യം ചൂണ്ടിക്കാട്ടി അദ്ദേഹം സിനിമയിൽ ചെയ്തത് തന്നെയല്ലേ താനും ചെയ്യുക എന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ഈ ആവർത്തനം ഒഴിവാക്കാനായി അച്ഛനറെ സിനിമകൾ കാണുന്നത് നിർത്തിയെന്നും സൂര്യ വെളിപ്പെടുത്തി.
അതേസമയം, കറുപ്പ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന വിശ്വനാഥ് ആൻഡ് സൺസിന്‍റെ പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍. ഫാമിലി ഡ്രാമയായി എത്തുന്ന ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം മമിത ബൈജു, രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. വെങ്കി അട്ലൂരിയാണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും.