ശസ്ത്രക്രിയയ്ക്കിടയിലും പാട്ടുമായി ഗായകൻ സോനു നിഗം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മെഡിക്കൽ സംഘത്തിനായി പാടുന്ന വിഡിയോയാണ് സോനു നിഗം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. “എന്റെ ശസ്ത്രക്രിയയ്ക്കിടെ പ്രിയപ്പെട്ട ഡോക്ടർ നീലേഷ് സത്ഭായിക്കും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനുമായി പെട്ടെന്ന് ഒരു ചെറിയ പ്രകടനം നടത്തി. വേദനയിലും പാടി... കാരണം സംഗീതം നൽകുന്ന സന്തോഷം മറ്റൊന്നിനും തുല്യമല്ല” എന്ന കുറിപ്പോടെയാണ് സോനു വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിഡിയോയിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന സോനുവിനെ കാണാം. ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് അദ്ദേഹം പാട്ടുപാടുന്നത്. ഇതിഹാസ ഗായകൻ മുഹമ്മദ് റഫി ആലപിച്ച ‘സുഹാനി രാത് ഢൽ ചുകി’ എന്ന ഗാനമാണ് സോനു പാടിയിരിക്കുന്നത്. 1949ൽ പുറത്തിറങ്ങിയ ‘ദുലാരി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

സോനുവിന്റെ ശസ്ത്രക്രിയയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങളും ആരാധകരും അദ്ദേഹത്തിന് പ്രാർഥനയുമായി എത്തിയിരുന്നു. ഗായിക ശ്രേയ ഘോഷാലും സോനുവിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തി. ഈ അവസ്ഥയിലും സംഗീതത്തോടുള്ള സോനുവിന്റെ സമർപ്പണവും പൂർണതയ്ക്കായുള്ള അദ്ദേഹത്തിന്റെ ശ്രമവും പ്രചോദനകരമാണെന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രേയ കുറിച്ചു.

സോനു നിഗത്തിന് ശസ്ത്രക്രിയ ആവശ്യമായി വന്നതിന്റെ കൃത്യമായ കാരണം സംബന്ധിച്ച വിവരങ്ങൾ നിലവിൽ പുറത്തുവന്നിട്ടില്ല. എന്നാൽ ജൂണിൽ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോനു സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. നാഡികളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം മൂലം കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും ചികിത്സയിലാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിരവധി എംആർഐ, സിടി സ്കാനുകൾ നടത്തിയതായും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മരുന്നുകൾ കഴിച്ചുവരുന്നതായും സോനു വ്യക്തമാക്കിയിരുന്നു.

നാഡിയിൽ സമ്മർദമുണ്ടായതിനെ തുടർന്ന് കഴുത്തിൽ ഭാരമുള്ളതുപോലുള്ള അനുഭവം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫിസിയോതെറാപ്പി തനിക്ക് വേദനാജനകമായ അനുഭവമായിരുന്നെന്നും രോഗമുക്തിയിലേയ്ക്കുള്ള യാത്ര എളുപ്പമല്ലെന്നും സോനു പറഞ്ഞിരുന്നു.

ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരൻ

ഹിന്ദി സംഗീതലോകത്തെ ഏറ്റവും ശ്രദ്ധേയരായ ഗായകരിൽ ഒരാളാണ് സോനു നിഗം. ‘കൽ ഹോ നാ ഹോ’, ‘അഭി മുഝ് മേം കഹീൻ’, ‘സൂരജ് ഹുവാ മദ്ധം’, ‘സന്ദേശേ ആതേ ഹേ’, ‘ദീവാനാ തേരാ’, ‘മൈൻ അഗർ കഹൂൻ’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ പിറന്നിട്ടുണ്ട്. ‘കൽ ഹോ നാ ഹോ’ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സോനു നിഗം സ്വന്തമാക്കി. 2022ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. വ്യക്തിജീവിതത്തിൽ മധുരിമ നിഗമാണ് സോനുവിന്റെ ഭാര്യ. 2002 ഫെബ്രുവരി 15നായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് നെവാൻ നിഗം എന്ന മകനുണ്ട്.

ശസ്ത്രക്രിയയ്ക്കിടയിലും പാട്ടുമായി ഗായകൻ സോനു നിഗം; സമൂഹമാധ്യമങ്ങളിൽ വൈറൽ ​| sonu-nigam-sings-during-surgery:

Sonu Nigam sings during surgery, sharing a viral video of himself serenading the medical team. This inspiring act highlights his deep connection to music even amidst discomfort.