ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതോടെ  ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ. ലിയോ പതിനാലാമന്‍ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു. രോഗം വളരെ നേരത്തെ കണ്ടെത്തിയെന്നും അത് ഒരു പ്രത്യേക ഭാഗത്ത് മാത്രമായി പരിമിതമാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.  ഒക്ടോബർ 11-ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന പരമ്പരാഗത ആഞ്ചലൂസ് പ്രാർഥനയ്ക്കിടെയാണ് 71 കാരനായ മാർപാപ്പ ഈ വിവരം വിശ്വാസികളെ നേരിട്ട് അറിയിച്ചത്. അടുത്തിടെ നടത്തിയ പതിവ് ആരോഗ്യ പരിശോധനയ്ക്കിടയിലാണ് ശ്വാസകോശത്തിൽ ചെറിയൊരു അപാകത കണ്ടെത്തിയത്.

വളരെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഈ മുഴ കണ്ടെത്താൻ കഴിഞ്ഞതായും അത് ഒരിടത്തുമാത്രമായി പരിമിതപ്പെട്ടിരിക്കുന്ന ഒന്നാണെന്നും  മാർപാപ്പ വ്യക്തമാക്കി. റോമിലെ പ്രശസ്തമായ ഗെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ ക്രമീകരിച്ചിരിക്കുന്നത്. ഓപ്പറേഷന് ശേഷം ഏകദേശം ഒരു ആഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ വിശ്രമത്തിൽ തുടരുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു.

എല്ലാവരും പ്രാര്‍ഥനകളില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് ലിയോ പതിനാലാമന്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചു. അമേരിക്കക്കാരനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇതിനു മുൻപ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല. കത്തോലിക്കാ സഭയുടെ തലവനായി 2025-ൽ ചുമതലയേറ്റ അദ്ദേഹം, ആഴ്ചതോറുമുള്ള ടെന്നീസ് കളിയും നീന്തലുമൊക്കെയായി വളരെ സജീവമായ ഒരു ജീവിതശൈലി നയിക്കുന്ന വ്യക്തിയാണ്. മാർപാപ്പയുടെ ഈ പ്രഖ്യാപനം വിശ്വാസികൾക്കിടയിൽ പെട്ടെന്ന് വലിയ ആശങ്ക ഉണ്ടാക്കിയെങ്കിലും, രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞത് വലിയ ആശ്വാസമായി വിലയിരുത്തപ്പെടുന്നു

ENGLISH SUMMARY:

Pope Leo XIV surgery is scheduled after a lung tumor was detected early and found to be localized in a specific area. The Vatican confirmed that the 71-year-old pontiff will undergo the procedure at Rome's Gemelli Hospital and rest for a week.