താനൊരു ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാനിരുന്നതാണെന്നും നിര്‍മാതാക്കള്‍ മോഹന്‍ലാലിനെ സെക്കന്‍ഡറി ആക്ടര്‍ എന്ന് പറഞ്ഞതില്‍ പ്രതിഷേധിച്ച് പിന്മാറുകയായിരുന്നുവെന്നുമുള്ള സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്‍റെ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ആയുഷ്മാന്‍ ഖുറാനയെ നായകനാക്കി പ്ലാന്‍ ചെയ്ത ഈ ചിത്രത്തില്‍നിന്നുമുള്ള പിന്മാറ്റത്തിന് പിന്നില്‍ ആയുഷ്മാനാണെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു.
ഇക്കാര്യത്തില്‍ വീണ്ടും വ്യക്തത വരുത്തുകയാണ് ജൂഡ് ആന്തണി. ചിത്രം നടക്കാത്തതിന് കാരണക്കാരന് ആയുഷ്മാനല്ലെന്നും അദ്ദേഹത്തെ കണ്ടുമുട്ടാനായത് സന്തോഷമുള്ള കാര്യമാണെന്നും ജൂഡ് ആന്തണി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 'ഈ ഗംഭീര മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നെങ്കിലും എനിക്ക് ആ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാൽ സാറുമുള്ള ആ തിരക്കഥയിൽ അദ്ദേഹം വളരെ സന്തുഷ്ടനായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ അത് നടന്നില്ല. അത് തീർച്ചയായും അദ്ദേഹത്തിന്റെ തെറ്റല്ല. പക്ഷേ, ഇത്രയും കഴിവുമുള്ള ഒരു നടനെ കാണാൻ കഴിഞ്ഞതിൽ ഞാൻ ആത്മാർത്ഥമായി സന്തോഷിക്കുന്നു. എന്നെങ്കിലും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,' ജൂഡ് ആന്തണി കുറിച്ചു.
ജൂഡിന്‍റെ പോസ്റ്റിന് ആയുഷ്മാന്‍ കമന്‍റില്‍ റിപ്ലെ കൊടുക്കുകയും ചെയ്തു. 'നിങ്ങളുടെ സിനിമയുടെ വലിയൊരു ആരാധകനാണ് ഞാൻ; ഉടൻ തന്നെ അങ്ങയോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാൽ സാറിന്റെ സിനിമകളോടും വലിയ ബഹുമാനമുണ്ട്; അദ്ദേഹം ഒരു ഇതിഹാസ താരമാണ്. എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ മാത്രം യോഗ്യതയുള്ള ഒരാളായി മാറാൻ എനിക്ക് കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു,' ആയുഷ്മാന്‍ കമന്‍റ് ചെയ്തു.