തലൈവാസല്‍ വിജയ്, സംഗീത് പ്രതാപ്

  • ഗിരീഷ് എ.‍ഡിയുടെ ബത്‌‌ലഹേം കുടുംബ യൂണിറ്റ് തീയറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തുമ്പോള്‍ സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന കഥാപാത്രം ജോയല്‍ പറയുന്ന ‘സ്റ്റാര്‍ട്ട് ക്യാമറ അയ്യപ്പ’ എന്ന ഡയലോഗിന് നിറഞ്ഞ കൈയടിയാണ്. ആ ഡയലോഗിന് പിന്നിലെ അറിയാക്കഥ

ഗിരീഷ് എ.‍ഡിയുടെ ബത്‌‌ലഹേം കുടുംബ യൂണിറ്റ് തീയറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തുമ്പോള്‍ സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന കഥാപാത്രം  ജോയല്‍ പറയുന്ന ‘സ്റ്റാര്‍ട്ട് ക്യാമറ അയ്യപ്പ’ എന്ന ഡയലോഗിന്  നിറഞ്ഞ കൈയടിയാണ്. ആ ഡയലോഗ് ‘ഹീറോ’ എന്ന പൃഥ്വിരാജ് ചിത്രത്തിലേതാണെന്ന് പ്രേക്ഷകര്‍ക്കും അറിയാം. എന്നാല്‍ എന്തുകൊണ്ടാണ് സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്നതിന് പകരം സ്റ്റാര്‍ട്ട് ക്യാമറ അയ്യപ്പയെന്ന് ‘ഹീറോ’ എന്ന ചിത്രത്തില്‍ കഥാകൃത്ത് വിനോദ് ഗുരുവായൂര്‍ എഴുതിയത്? അതിന് പിന്നില്‍ അധികമാര്‍ക്കും അറിയാത്ത ഒരു കഥയുണ്ട്. 

അത് ലാലിനായുള്ള പ്രാര്‍ഥന

‘ഹീറോ’ എന്ന ചിത്രത്തില്‍ വെറുതെ ഒരു തോന്നലിന്‍റെ പുറത്തോ നര്‍മ്മത്തിനോ വേണ്ടി എഴുതിയ വെറും പ്രയോഗമല്ല ‘സ്റ്റാര്‍ട്ട് ക്യാമറ അയ്യപ്പ’. മോഹന്‍ലാലിന് വേണ്ടി ഫൈറ്റ് സ്വീക്വന്‍സ് സംവിധാനം ചെയ്യുമ്പോള്‍  ആക്ഷന്‍ കൊറിയോഗ്രാഫറായ ത്യാഗരാജന്‍ മാസ്റ്റര്‍ ഒരു പ്രാര്‍ഥന പോലെ ഉരുവിടുന്ന വരികളാണവ. അതാണ് താന്‍ ഹീറോയില്‍ ഉള്‍പ്പെടുത്തിയതെന്ന് വിനോദ് ഗുരുവായൂര്‍ പറയുന്നു. 

‘ശിക്കാര്‍’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇത് ആദ്യമായി വിനോദ് കേള്‍ക്കുന്നത്.  ഇതെപ്പറ്റി ചോദിച്ചപ്പോള്‍ ലാലിനൊപ്പം ചെയ്യുന്ന രണ്ടാമത്തെ സിനിമ മുതല്‍ താന്‍ ഷോട്ടെടുക്കുന്നത് അയ്യപ്പനെ വിളിച്ചുകൊണ്ടാണെന്നും  മാസ്റ്റര്‍ പറഞ്ഞു. ആക്ഷന് പകരം ‘അയ്യപ്പ’ എന്നുപറയാനുള്ള കാരണവും മാസ്റ്റര്‍ അന്ന് വിനോദിനോട് പറഞ്ഞു. 

ത്യാഗരാജന്‍, മോഹന്‍ലാല്‍, സംഗീത് പ്രതാപ്

‘ഫൈറ്റ് സ്വീക്വന്‍സിന്  വേണ്ടി എത്ര റിസ്ക് എടുക്കാനും മടിയില്ലാത്ത താരമാണ് മോഹന്‍ലാല്‍. താരതമ്യേന ദുഷ്കരമെന്ന് തോന്നുന്ന ആക്ഷന്‍ രംഗങ്ങള്‍പോലും  രണ്ടാമത്തെ ടേക്കിലേക്ക് പോവാതെ തീര്‍ക്കാനുള്ള അര്‍പ്പണബോധത്തോടെയാവും ലാല്‍ ക്യാമറയ്ക്ക് മുന്നില്‍ വരുന്നത്. അദ്ദേഹത്തെ സംവിധാനം ചെയ്യുമ്പോള്‍ ശബരിമല അയ്യപ്പഭക്തനായ എനിക്ക് ആക്ഷന്‍ പകരം,  അപകടമൊന്നും വരുത്തരുതേ എന്ന പ്രാര്‍ഥനാരൂപത്തില്‍  ‘അയ്യപ്പ’ എന്ന് പറയാനാണ് തോന്നുക’. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറ​ഞ്ഞ ഹീറോ എന്ന ചിത്രം ത്യാഗരാജന്‍ മാസ്റ്ററുടെ ജീവിതവുമായി ഏറെ അടുത്തു നില്‍ക്കുന്ന കഥയാണെന്നും വിനോദ് ഗുരുവായൂര്‍ പറയുന്നു. 

‘അയ്യപ്പ’യില്‍ തീരുന്നില്ല

ബത്‌ലഹേം കുടുംബ യൂണിറ്റില്‍ ജോയല്‍ പറയുന്ന ‘കേട്ട ഉടന്‍ ചാര്‍ജായി’ എന്ന  ഡയലോഗും ഹീറോയിലേതാണ്. സിനിമ സെറ്റില്‍ കഥയും കഥാസന്ദര്‍ഭവും വിശദീകരിച്ചു കൊടുക്കുമ്പോള്‍ ഓക്കെയാണോ മനസിലായോ എന്നതിന് പകരമായി ചോദിക്കുന്നതാണ് ചാര്‍ജായോ എന്ന വാക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ സിനിമയിലെ ഡയലോഗുകള്‍ ട്രോളായോ വൈറലായോ വീണ്ടും ശ്രദ്ധിക്കപ്പെടുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും വിനോദ് ഗുരുവായൂര്‍ പറഞ്ഞു. 

ENGLISH SUMMARY:

As Girish A.D.’s Bethlehem Kudumba Unit continues to make audiences laugh in theatres, the dialogue “Start Camera Ayyappa,” delivered by Sangeeth Prathap’s character Joel, is receiving huge applause. Moviegoers already know that the dialogue is from Prithviraj’s Hero. But why did writer Vinod Guruvayoor choose “Start Camera Ayyappa” instead of the usual “Start Camera Action”? There is a little-known story behind it.