മഴവില്‍ മനോരമ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡ് വേദിയില്‍ ‘ദൃശ്യം’ നാലാംഭാഗം പ്രഖ്യാപിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിനെയും സംവിധായകന്‍ ജീത്തു ജോസഫിനെയും സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. 'ദൃശ്യം' പരമ്പരയുടെ മൂന്നാംഭാഗം മഴവില്‍ മനോരമയുടെ വേദിയില്‍ പ്രഖ്യാപിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു പരമ്പരയിലെ നാലാംഭാഗത്തിന്റെ വരവും ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്.
'മഴവില്‍ മനോരമയില്‍ വച്ചാണ് 'ദൃശ്യം 3' ഉണ്ടാകുമെന്ന് ജീത്തുവിന്‍റെ അനുവാദമില്ലാതെ പറഞ്ഞത്. അതേ സ്ഥലത്തുവച്ച് തന്നെ ജീത്തു നില്‍ക്കുന്ന സമയത്ത് പറയുന്നു, 'ദൃശ്യം' നാലാം ഭാഗം ഉണ്ടാകും. ഇതെന്‍റെ മനസില്‍ നിന്നും ഞാന്‍ പറയുന്നതാണ്. ആ സിനിമ ഉണ്ടാകണം,' ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.
കഴിഞ്ഞ മെയ് 21-നാണ് 'ദൃശ്യം 3' തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സമ്മിശ്രപ്രതികരണമാണ് നേടിയതെങ്കിലും തിയേറ്ററുകളിൽ വൻ വാണിജ്യ വിജയം നേടിയ ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം ₹240 കോടിയിലധികം കളക്ഷൻ സ്വന്തമാക്കി. റിലീസ് ചെയ്ത് വെറും 58 മണിക്കൂറുകൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയത്.