ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് വ്ലോഗര്‍ ദിയ കൃഷ്ണ. വ്ലോഗ് താൻ ഹോബിയായി ചെയ്യുന്നതാണെന്നും ആരെയും വെറുപ്പിക്കാൻ വേണ്ടി ഇടുന്നതല്ലെന്നും ദിയ പറഞ്ഞു. തന്‍റെ വ്ലോഗുകള്‍ക്കെതിരെ വരുന്ന നെഗറ്റീവ് കമന്‍റുകളോട് പ്രതികരിക്കുകയായിരുന്നു ദിയ.
'ഞങ്ങളെ ഒട്ടും ഇഷ്ടമില്ലാത്തവരുണ്ട്. എനിക്ക് ഭൂമിയിലുള്ള എല്ലാവരെയും ഇഷ്ടമല്ല. എനിക്കിഷ്ടമല്ലാത്ത, എന്നെ ദ്രോഹിച്ച ഒരുപാട് പേരുണ്ട്. എന്നും പറഞ്ഞ് അവരുടെ വീടിന്‍റെ പുറത്ത് കല്ലെറിയേണ്ട കാര്യമില്ല. അവർ നമ്മളെ ക്ഷണിച്ചിട്ടില്ല. പോയി നിന്ന് കല്ലെറിയുന്ന നമ്മൾ പൊട്ടന്മാരാണ്. ഇഷ്ടമില്ലാത്തയാളുടെ വീടിന്‍റെ വെളിയിൽ പോയി എന്തിന് കല്ലെറിയണം. അവരെ മൈൻഡ് ചെയ്യാതിരിക്കുക. ഇഷ്ടമല്ലാത്തവരെ ബ്ലോക്ക് ചെയ്യുക. എന്നെ കാണാനാഗ്രഹിക്കുന്ന ഒരാളാണെങ്കിൽ പോലും അവർക്ക് വേണ്ടി ഞാൻ വ്ലോഗ് ചെയ്യും. എന്‍റെ ഫാമിലിയും അവരെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് വിഡിയോ ഇടുന്നത്.
ഏത് ഇൻഫ്ലുവൻസറും സോഷ്യൽ മീഡിയയിൽ കാണിച്ച് തരുന്നത് മാത്രമാണ് നിങ്ങൾ കാണുന്നത്. അതൊരാൾക്ക് ഫേക്ക് ചെയ്യാം. ഫേക്ക് ചെയ്യാതിരിക്കാം. നിങ്ങളെല്ലാവരും കയ്യടിച്ച് പാസാക്കുന്ന ആളായി എനിക്ക് പെരുമാറാം. അതാണ് സോഷ്യൽ മീഡിയ എന്ന മായാലോകം. നിങ്ങൾ കാണുന്ന യൂട്യൂബേർസുമായി അവരെ പോലെയാകൂ എന്ന് പറഞ്ഞ് ദയവ് ചെയ്ത് താരതമ്യം ചെയ്യരുത്. കാരണം വിഡിയോ ഇടുന്നവർ യഥാർത്ഥ ജീവിതത്തിൽ ആരാണ്, എന്താണ് എന്ന് നിങ്ങൾക്കറിയില്ല.
ഞാൻ വിഡിയോയിൽ കാണുന്നത് പോലെ തന്നെയാണ് യഥാർത്ഥ ജീവിതത്തിലും. ഒരുപക്ഷെ അതിലും നല്ലയാളായിരിക്കും ഞാൻ. എന്നെ നേരിട്ട് കണ്ട ഒരാളും നിങ്ങളൊരു അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല. ഞാൻ വളരെ ഡൗൺ ടു എർത്താണ്. എന്നെക്കൊണ്ട് സഹായിക്കാൻ പറ്റുന്നവരെയെല്ലാം ഞാൻ സഹായിച്ചിട്ട് മാത്രമേയുള്ളൂ. എന്നെ പറ്റിക്കാൻ പറ്റുന്നവർ എന്നെ പറ്റിച്ച് പോയിട്ടേയുള്ളൂ. അതെന്നെ ഒരു പ്രാവശ്യമെങ്കിലും പരിചയപ്പെട്ടിട്ടുള്ളവർക്ക് അറിയാമായിരിക്കും.
അശ്വിന്‍റെയും എന്‍റെയും കുടുംബങ്ങൾ സന്തോഷത്തോടെയാണ് കഴിയുന്നത്. അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രശ്നവുമില്ല. നിങ്ങളെ കാണിക്കുന്നത് മാത്രമേ നിങ്ങൾ കാണുന്നുള്ളൂ. നിങ്ങൾ ഒരു റിയൽ ആളെയാണ് ഇഷ്ടപ്പെടുന്നതെങ്കിൽ നിങ്ങളെന്‍റെ വിഡിയോ കണ്ടാൽ മതി. കമന്റിടുന്നവർ പറയുന്നത് പോലെ ജീവിക്കാൻ ഈ ലോകത്താർക്കും പറ്റില്ല. ചിലപ്പോൾ അങ്ങനെ ചെയ്യുന്നവരുണ്ടാകും. അവരെ വച്ച് എന്നെ താരതമ്യം ചെയ്യരുത്. യഥാർഥ ജീവിതത്തിൽ വേറെ പെരുമാറ്റവും ക്യാമറയ്ക്ക് മുന്നിൽ വേറെ പെരുമാറ്റവുമുള്ള ചിലരെ എനിക്ക് വ്യക്തിപരമായി അറിയാം. അത് പോലെയാക്, ഇത് പോലെയാക് എന്ന് ദയവ് ചെയ്ത് എന്നോട് ആരും പറയരുത്. സഹായിക്കാൻ പറ്റുന്നവരെയാക്കെ പണ്ടും ഇന്നും ഇനിയെന്നും സഹായിക്കുന്ന ആൾ തന്നെയാണ് ഞാൻ,' ദിയ പറഞ്ഞു.