താൻ ആത്മാക്കളെ നേരിൽ കണ്ടിട്ടുണ്ടെന്ന് നടി ലെന. ആത്മാക്കളെ കാണാനുള്ള കഴിവ് തനിക്കുണ്ടെന്ന് മനസ്സിലാക്കിയത് 'ടോക്ക് ടു ദ എൻറ്റിറ്റീസ്' എന്ന പുസ്തകം വായിച്ചതിന് ശേഷമാണെന്ന് ലെന പറഞ്ഞു. ആസമയത്ത് അത് ആത്മാക്കളാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും, ഇത്തരത്തിൽ ഒന്നോ രണ്ടോ തവണ ആത്മാക്കളെ കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. ആത്മാക്കളെ വ്യക്തമായി കാണാൻ കഴിയുന്ന സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നും ബിഗ് ക്യൂ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ ലെന പറഞ്ഞു.
ലെനയുടെ വാക്കുകൾ
"'ടോക്ക് ടു ദ എൻറ്റിറ്റീസ്' എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. പലരും പറയാറുണ്ട്, 'ഞാൻ എന്‍റെ അപ്പൂപ്പനെ സ്വപ്നം കണ്ടു', അല്ലെങ്കിൽ 'രാത്രി എന്‍റെ മുറിയിൽ അമ്മൂമ്മ വന്നിരിക്കുന്നതുപോലെ തോന്നി' എന്നൊക്കെ. പക്ഷേ, അത് അവരുടെ ഭാവനയായിരിക്കാം.
എന്നാൽ എനർജി വർക്കിൽ ആത്മാക്കളെ വിളിച്ചുവരുത്തി ഓജോ ബോർഡ് ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതിനെക്കുറിച്ചുള്ള നിരവധി ഉദാഹരണങ്ങളുണ്ട്.ഇതൊന്നുമില്ലെങ്കിലും ചില സമയങ്ങളിൽ ഒരു മുറിയിൽ മറ്റൊരു സാന്നിധ്യം അനുഭവപ്പെടാറുണ്ട്. അതുമായി നമ്മൾ ഇടപെടാത്തത് പേടിയുള്ളതുകൊണ്ടാണ്. പലർക്കും ആത്മാക്കളെ വ്യക്തമായി കാണാൻ കഴിയും.
ഒരു ശരീരമുള്ള ആൾ മരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ മെന്‍റൽ ഇംപ്രിന്‍റും എനർജി ഇംപ്രിന്‍റും പൂർണമായും ഇല്ലാതാകാൻ സമയമെടുക്കും. കാരണം, മരിക്കുമ്പോൾ പോകുന്നത് ശരീരം മാത്രമാണ്. മനുഷ്യൻ ശരീരം മാത്രമല്ലല്ലോ; മനസ്സുമുണ്ട്, ഇലക്ട്രോമാഗ്നറ്റിക് ഫീൽഡും ഉണ്ട്, എനർജി ഇംപ്രിന്‍റുമുണ്ട്. അത് കുറച്ചുകാലം ഇവിടെ തുടരും. മരണത്തിന്‍റെ സാഹചര്യത്തെ ആശ്രയിച്ചായിരിക്കും അത്. മരിക്കാൻ താൽപര്യമില്ലാതെ മരിക്കുന്നവരോ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ട വിഷമത്തിൽ മരിക്കുന്നവരോ ആണെങ്കിൽ അത്തരം എൻറ്റിറ്റികൾ കുറച്ചുകാലം തുടരുമെന്നാണ് പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങളും ഉദാഹരണങ്ങളും ഉണ്ട്. ഇതൊക്കെ പാരാസൈക്കോളജി എന്ന മേഖലയിലെ കാര്യങ്ങളാണ്. എല്ലാവർക്കും ഇത് മനസ്സിലാകണമെന്നില്ല. ഇത് തെളിയിക്കാനാകുമോ എന്ന് ചോദിച്ചാൽ, ഇത് കാണുന്ന ആളുകൾ ഒരുപാടുണ്ട്. ഇന്നലെയും ഒരാൾ എന്‍റെ അടുത്തുവന്ന് ചോദിച്ചു, 'നിങ്ങൾക്ക് ഇത് കാണാൻ പറ്റുന്നുണ്ടോ?' ഞാൻ പറഞ്ഞു, 'അത് ഞാൻ വേണ്ടെന്നുവച്ചു എന്ന് .'
'ടോക്ക് ടു ദ് എൻറ്റിറ്റീസ്' എന്ന പുസ്തകം ആദ്യം വായിച്ചപ്പോഴാണ് എനിക്ക് ഇക്കാര്യങ്ങൾ പെട്ടെന്ന് തുറന്നത്. എന്‍റേത് മോഷൻ ഡിറ്റക്ടിങ് സിസിടിവി. ആണ്. ഒരിക്കൽ അതിൽ 'ഹ്യൂമൻ ബോഡി ഡിറ്റക്ടഡ്' എന്ന സന്ദേശം വന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. ആത്മാക്കളെ കാണാൻ കഴിയുന്ന എന്‍റെ സുഹൃത്തിന് സിസിടിവിയുടെ സ്ക്രീൻഷോട്ട് അയച്ചുകൊടുത്തു. അദ്ദേഹം അതിലെ ഒരു ഭാഗം വട്ടമിട്ട് തിരിച്ചയച്ചു. ആ ഭാഗം നോക്കിയപ്പോൾ എനിക്ക് വ്യക്തമായി ഒരു സ്മോക്കി വിഷൻ കാണാൻ കഴിഞ്ഞു.
ഈ പുസ്തകം വായിച്ച സമയത്ത് എനിക്ക് സെൻസ് ചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും കഴിഞ്ഞിരുന്നു. അപ്പോഴേ ഞാൻ തീരുമാനിച്ചു, ഇത് ബുദ്ധിമുട്ടാകുമെന്ന്. മനുഷ്യരോട് തന്നെ ഇടപെടാൻ ബുദ്ധിമുട്ടാണ്; പിന്നെയല്ലേ ശരീരമില്ലാത്തവരോടുകൂടി ഇടപെടേണ്ടത്.
ഞാൻ അത് മനഃപൂർവം സ്വിച്ച് ഓഫ് ചെയ്തു. എനിക്കത് വേണ്ടെന്ന് തീർത്തുപറഞ്ഞു. പിന്നീട് അത് പ്രാക്ടീസ് ചെയ്തപ്പോൾ, പുതിയൊരു ഭാഷ പഠിച്ചിട്ട് ഉപയോഗിക്കാതിരുന്നാൽ മറന്നുപോകുന്നതുപോലെ, ഭാഗ്യത്തിന് അതെല്ലാം പതിയെ ഇല്ലാതായി.
ആ സമയത്ത് കുറച്ചുനാൾ എനിക്ക് കൗതുകമുണ്ടായിരുന്നു. അപ്പോഴാണ് ചില അനുഭവങ്ങൾ ഉണ്ടായത്. ആത്മാക്കളെ വ്യക്തമായി കാണുന്ന സുഹൃത്തുക്കൾ എനിക്കുണ്ട്. ഒന്നോ രണ്ടോ തവണ ഞാനും കണ്ടിട്ടുണ്ട്. പക്ഷേ, അന്ന് കണ്ടയാൾ മരിച്ചതാണെന്ന് എനിക്കറിയില്ലായിരുന്നു.
ഒരു സുഹൃത്തിന്‍റെ വീട്ടിൽ താമസിക്കുമ്പോൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ, ജീൻസും ജുബ്ബയും ധരിച്ച് വലിയൊരു ബാഗുമായി പൊക്കമുള്ള ഒരാൾ നടന്നു പോകുന്നത് കണ്ടു. മുറിയിലൂടെ ഒരാൾ നടന്നുപോയെന്ന തോന്നലിൽ ഞാൻ ശരിക്കും ഞെട്ടി. കാരണം, ആ ഭാഗത്തേക്ക് പോകാൻ അവിടെ ഒരു ജനൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞാൻ ഉടൻ മുറിയിൽ നിന്ന് പുറത്തുവന്ന്, 'ജീൻസും ജുബ്ബയും ധരിച്ച ഒരാൾ ഇതുവഴി പോകുന്നത് കണ്ടോ?' എന്ന് ചോദിച്ചു. അപ്പോൾ അവർ ഉടൻ തന്നെ അയാളുടെ പേര് പറഞ്ഞു. 'അതെ, അത് അദ്ദേഹമാണ്. മരിച്ചിട്ട് കുറച്ചായെങ്കിലും ഇവിടെ ഇടയ്ക്കൊക്കെ വരാറുണ്ട്' എന്നായിരുന്നു മറുപടി.