മലയാളിയുടെ പ്രിയപ്പെട്ട നടിയാണ് ലെന. വർഷങ്ങളായി ആത്മീയപാത പിന്തുടരുന്ന ലെന ജീവിതത്തോടുള്ള തന്‍റെ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കുന്ന 'The Autobiography of God' എന്ന പുസ്തകം എഴുതിയിരുന്നു. ഇപ്പോഴിതാ കുട്ടികൾ വേണ്ടെന്ന തന്റെ തീരുമാനത്തെ കുറിച്ച് വിശദീകരിക്കുകയാണ് നടി.
തനിക്ക് കുട്ടികൾ വേണ്ടെന്ന തീരുമാനം വളരെ ചെറിയ പ്രായത്തിൽ എടുത്തതെണെന്നും ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് നടി പറയുന്നത്. 'ഒമ്പതിലോ പത്തിലോ പഠിക്കുമ്പോൾ എടുത്ത തീരുമാനമാണത്. അന്ന് അങ്ങനെയൊരു തീരുമാനം എടുക്കേണ്ട യാതൊരു സാഹചര്യവുമില്ലായിരുന്നു. ആ സമയത്ത് അപ്രതീക്ഷിതമായി അങ്ങനെ ഒരു ചിന്ത വന്നതാണ്. എന്റെ അമ്മ ആ കാലഘട്ടത്തിൽ പെരിമെനോപോസിലൂടെ കടന്നുപോകുകയായിരുന്നു. ഇതിനെക്കുറിച്ച് അന്ന് ധാരണയില്ലാത്തതുകൊണ്ട്, ഞാനും ഇതുപോലൊരു പാരന്റ് അല്ലേ ആവുക, നമ്മളെക്കുറിച്ച് സ്വയം പഠിക്കണം എന്ന് അന്ന് ഞാൻ ചിന്തിച്ചു'.
'ഒരു അമ്മയായിരുന്നെങ്കിൽ എനിക്ക് ആത്മീയതയിൽ ഇത്രയും സമയം ചെലവഴിക്കാനാകുമായിരുന്നില്ല. അല്ലെങ്കിൽ ഇത്രയും വർഷം കരിയറിന് വേണ്ടി സമർപ്പിക്കാൻ സാധിക്കില്ലായിരുന്നു. പിന്നീട് ആ തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കാൻ കാരണം അതാണ്. തീരുമാനം മാറ്റണോ എന്ന് ആലോചിച്ചപ്പോൾ വേണ്ടെന്നും, ആത്മീയതയിലും കരിയറിലും ശ്രദ്ധ കൊടുക്കാമെന്നും എനിക്ക് ബോധ്യപ്പെട്ടു'.
'കരിയർ തിരഞ്ഞെടുക്കുമ്പോൾ കുട്ടികൾക്ക് വേണ്ടി സമയം നൽകാൻ കഴിയില്ല. കുട്ടികൾ എന്നത് ഒരു വ്യക്തമായ തീരുമാനമായിരിക്കണമെന്ന് നൂറ് ശതമാനം വിശ്വസിക്കുന്ന ആളാണ് ഞാൻ. കുട്ടികളെ ആരെങ്കിലും നോക്കിക്കോട്ടെ എന്ന് വിചാരിക്കുന്ന പാരന്റിംഗ് കുട്ടികളിൽ ഒരുപാട് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ അത് ശരിയല്ല. നിങ്ങൾക്ക് കുട്ടികൾ വേണമെങ്കിൽ കരിയർ ചിലപ്പോൾ ത്യജിക്കേണ്ടി വരും. കരിയർ വേണമെങ്കിൽ കുട്ടികൾ വേണ്ടെന്ന് വെക്കേണ്ടി വരുമായിരിക്കും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ'.
ഇപ്പോൾ 45 വയസ്സിലേക്ക് കടക്കുന്നു. കുട്ടികൾ വേണമെന്ന് പ്ലാൻ ചെയ്യാൻ പറ്റിയ പ്രായമാണിതെന്ന് കരുതുന്നില്ല. ചിലർ ചെയ്യുന്നുണ്ടാകും. എങ്കിലും, ഈ ജന്മത്തിൽ എനിക്ക് കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ ഞാൻ ഹാപ്പിയാണെന്നും ലെന പറയുന്നു. ആദ്യ വിവാഹത്തിനും വിവാഹമോചനത്തിനു ശേഷം 2025-ലാണ് ഇന്ത്യൻ ബഹിരാകാശ യാത്രികൻ പ്രശാന്ത് നായരെ ലെന വിവാഹം ചെയ്തത്.