ഗജിനി, ലഗാന്‍ എന്ന സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് പ്രദീപ് റാവത്ത്. ചൈന ടൗണ്‍, കസിന്‍സ് സിനിമകളിലൂടെ മലയാളത്തിലും പ്രശസ്തനായ നടന്‍   ചൊവ്വാഴ്ചയാണ്  അപൂര്‍വരോഗത്തിന് കീഴടങ്ങിയത്. തന്‍റെ 74–ാം വയസിലായിരുന്നു നടന്‍റെ മരണം. പിതാവിന്‍റെ മരണശേഷം രോഗാവസ്ഥയെക്കുറിച്ചും മരണത്തെക്കുറിച്ചും വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മകന്‍ വിക്രമാദിത്യ റാവത്ത്. 

ആരോഗ്യവാനായ തന്‍റെ പിതാവ് വെറും രണ്ട് മാസം കൊണ്ടാണ് രോഗബാധിതനായതെന്ന് വിക്രമാദിത്യ പറയുന്നു. ഭക്ഷ്യവിഷബാധയെന്നാണ് ആദ്യം കരുതിയത്.  ഭക്ഷ്യവിഷബാധയ്ക്ക് മരുന്നും കഴിച്ചു. എന്നാല്‍ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നില്ല. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിച്ചു. രക്തപരിശോധനയില്‍ വെളുത്ത രക്താണുക്കളില്‍ അസാധാരണമായ വര്‍ധനവ് ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ ഇത് രക്താര്‍ബുദമായേക്കാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നെന്ന് വിക്രമാദിത്യ വ്യക്തമാക്കി. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കുകയും ചെയ്തു. 

കുടുംബത്തിലെല്ലാവരും രണ്ട് മാസം മുന്‍പ് ചെക്കപ്പുകള്‍ നടത്തിയപ്പോള്‍ പിതാവ് പൂര്‍ണ ആരോഗ്യവാനാണെന്ന് ഫലം വന്നിരുന്നു. എന്നാല്‍ പൊടുന്നനെ രക്താര്‍ബുദത്തിലെ അപൂര്‍വ തലത്തില്‍ പിതാവ് എത്തി. ചികിത്സകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടെന്നും അവസാനമായി ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ പിതാവിന് സിപിആര്‍ നല്‍കുന്നതാണ് കണ്ടതെന്നും കണ്ണീരോടെ വിക്രമാദിത്യ ഓര്‍ത്തെടുത്തു. 

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളിൽ ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു പ്രദീപ് റാവത്ത്. മുപ്പത് വർഷത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ പ്രദീപ് റാവത്ത് അവതരിപ്പിച്ചു. 2005-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഗജിനിയിലെ ക്രൂരനായ വില്ലൻ കഥാപാത്രമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടതിനെ തുടർന്ന് 2008-ൽ ആമിർ ഖാൻ നായകനായ ഹിന്ദി റീമേക്കിലും അതേ വേഷം അദ്ദേഹം വീണ്ടും അവതരിപ്പിച്ചു. അതിന് മുമ്പ് 2001-ൽ പുറത്തിറങ്ങിയ 'ലഗാൻ' എന്ന ചിത്രത്തിലും ആമിർ ഖാനോടൊപ്പം അഭിനയിച്ചു.

ENGLISH SUMMARY:

Pradeep Rawat, known for his roles in Ghajini and Lagaan, passed away at the age of 74 due to a rare disease. His son revealed that his father, who was healthy just two months prior, was diagnosed with an advanced stage of leukemia after initially suspecting food poisoning.