AI Generated Image
മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് 'സ്പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ'. റിലീസ് ചെയ്തതിന് ശേഷം ഇന്ത്യയില്‍ നിന്നും മാത്രം 300 കോടിയാണ് ചിത്രം വാരിയത്. ചിത്രത്തിന്‍റെ ഇംഗ്ലീഷ് പതിപ്പാണ് ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്നത്. ഹിന്ദി ഡബ്ബിന് മൾട്ടിപ്ലക്സുകളില്‍ തിരക്കുണ്ട്. എന്നാല്‍ ആന്ധ്രാപ്രദേശിലെ തിയേറ്ററുകളില്‍ നിന്നും കൗതുകമുണര്‍ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. തെലുങ്ക് സിനിമക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് ഐറ്റം ഡാന്‍സ്. കൊമേഴ്സ്യല്‍ സിനിമകളില്‍ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഇത് ചേര്‍ക്കാറുമുണ്ട്.
അപ്പോള്‍ പിന്നെ ഐറ്റം ഡാന്‍സ് ഇല്ലാതെ എങ്ങനെ 'സ്പൈഡര്‍മാന്‍' പ്രദര്‍ശിപ്പിക്കും എന്ന് ആരെങ്കിലും ചിന്തിച്ചോ എന്നറിയില്ല. അങ്ങനെയൊരു കാഴ്ചയാണ് ആന്ധ്രയിലെ തിയേറ്ററുകളില്‍ നിന്നും വരുന്നത്. സ്പൈഡര്‍മാന്‍റെ ഐറ്റം ഡാന്‍സ്. 'സ്പൈഡര്‍മാന്‍' താരങ്ങളായ ടോം ഹോളണ്ടും സെന്‍ഡായയും സാഡി സിങ്കുമാണ് ഐറ്റം ഡാന്‍സിലുള്ളത്. ഇത് എങ്ങനെയെന്നല്ലേ? രാം ചരണ്‍ ചിത്രമായ 'പെഡ്ഡി'യിലെ 'ഹല്ലല്ലലാലോ' എന്ന ഐറ്റം ഡാന്‍സില്‍ രാം ചരണും ശ്രുതി ഹാസനും ജാന്‍വി കപൂറിനും പകരം ഇവരുടെ തല വച്ച് എഡിറ്റ് ചെയ്താണ് ഐറ്റം ഡാന്‍സ് സ്പൈഡര്‍മാന്‍ ചിത്രത്തിനിടക്ക് പ്രദര്‍ശിപ്പിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളെല്ലാം ചിത്രം ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബോക്‌സ് ഓഫീസ് മോജോയുടെ കണക്കുകള്‍ പ്രകാരം ചിത്രത്തിന്‍റെ ഓപ്പണിങ് വീക്കെൻഡിൽ ലോകമെമ്പാടുമുള്ള ആകെ കലക്ഷൻ 92.7 കോടി ഡോളറാണ്. വെറൈറ്റി റിപ്പോർട്ട് ചെയ്തതനുസരിച്ച് ചിത്രം വടക്കേ അമേരിക്കയിൽ നിന്ന് 355 ദശലക്ഷം ഡോളറും രാജ്യാന്തര വിപണികളിൽ നിന്ന് 572 ദശലക്ഷം ഡോളറും നേടി. 'അവെഞ്ചേഴ്‌സ്: എൻഡ്‌ഗെയിമിന്' ശേഷം സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഓപ്പണിങ് ആയി ഇത് ചിത്രത്തെ മാറ്റി.
ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ സംവിധാനം ചെയ്ത ‘സ്പൈഡര്‍മാന്‍ ബ്രാൻഡ് ന്യൂ ഡേ’യിൽ ടോം, സെൻഡായ, സാഡി സിങ്ക് എന്നിവര്‍ക്ക് പുറമേ ജേക്കബ് ബറ്റലോൺ, ജോൺ ഫാവ്‌റോ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.