സിനിമ പ്രേമികൾ ഒന്നാകെ കാത്തിരുന്ന ചിത്രമായിരുന്നു സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ. കഴിഞ്ഞ ദിവസം തിയറ്ററുകൾ എത്തിയ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഗംഭീര വിഷ്യൽ ട്രീറ്റാണ് സംവിധായകൻ കാണികൾക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്. ടോം ഹോളണ്ടിന്റെ സ്പൈഡർമാനെ ഇങ്ങനെ കാത്തുകാത്തിരുന്നു കാണാൻ ടിക്കറ്റും എടുത്ത് സിനിമക്ക് കയറി കഴിയുമ്പോൾ തൊട്ട് മുന്നിലിരിക്കുന്ന ആൾ സിനിമയുടെ മൊത്തം സസ്‌പെൻസും പൊളിച്ച് കഥപറയുന്നത് ആലോചിച്ച് നോക്ക്. അങ്ങനെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. സ്‌പോയ്‌ലറുകൾ പറഞ്ഞ യുവാവിനെ തിയറ്ററിൽ ആളുകൾ മർദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തിയറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ അടുത്തിരുന്ന കാമുകിക്ക് ഒരു യുവാവ് സിനിമയുടെ കഥയും സസ്പെൻസുകളും ഉച്ചത്തിൽ പറഞ്ഞ് കൊടുക്കാൻ തുടങ്ങി. അടുത്തിരിക്കുന്നവർക്കും കേൾക്കുന്ന തരത്തിലായിരുന്നു ഇയാൾ കാമുകിയോട് കഥ പറഞ്ഞുകൊണ്ടിരുന്നത്. ആദ്യമെല്ലാം ആരും ഒന്നും പ്രതികരിച്ചില്ലെങ്കിലും യുവാവ് ഒന്നിനുപുറകെ ഒന്നായി സ്‌പോയ്‌ലറുകൾ പറയാൻ തുടങ്ങിയതോടെ മറ്റുള്ളവർ അസ്വസ്ഥരായി. ചിലർ ഇയാളോട് ചൂടാകുകയും ചെയ്തു. ഇതോടെ സംഭവം വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും മാറി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സിനിമ കാണുന്നതിലെ രസം നഷ്ടപ്പെട്ടതോടെ സമീപത്തിരുന്ന പ്രേക്ഷകർ ഇയാളോട് കഥ മുൻകൂട്ടി പറയരുതെന്നും മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടെന്നും തിയറ്ററിൽ ഉണ്ടായിരുന്നവർ പറയുന്നു. എന്നാൽ ഈ മുന്നറിയിപ്പ് വകവെക്കാതെ യുവാവ് സംസാരം തുടർന്നതാണ് തർക്കത്തിലേക്ക് നയിച്ചത്. വിഡിയോ പ്രചരിച്ചതോടെ യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. 'എല്ലാ നല്ല സിനിമ കാണാൻ പോയാലും അവിടെയെല്ലാം ഇത്തരത്തിലുള്ള രസംകൊല്ലികൾ കാണും. അപ്പോഴൊക്കെ തോന്നിയിട്ടുണ്ട് പിടിച്ച് രണ്ടെണ്ണം പൊട്ടിക്കാൻ..' എന്നാണ് ഒരു യൂസർ കമന്റ് ചെയ്തത്. 'എന്തൊക്കെ പറഞ്ഞാലും ഒരു മനുഷ്യനെ, പ്രത്യേകിച്ച് അയാളുടെ കാമുകിയുടെ മുന്നിലിട്ട് തല്ലുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ്..' എന്നാണ് മറ്റൊരു കമന്റ്. എന്തായാലും സോഷ്യൽ മീഡിയയിലാകെ ചർച്ചയാണ് ഈ വിഡിയോ.