ബോളിവുഡിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക സംരംഭകയും സോനം വാങ്ചുക്കിന്‍റെ പങ്കാളിയുമായ ഗീതാഞ്ജലി അങ്മോ. ക്രിസ്റ്റഫർ നോളന്‍റെ പുതിയ ചിത്രമായ 'ദി ഒഡീസി'യെ പ്രശംസിച്ചുകൊണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിലാണ് ഗീതാഞ്ജലി ബോളിവുഡിന്‍റെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ച് പറയുന്നത്. സിനിമ വെറുമൊരു വിനോദോപാധി മാത്രമല്ലെന്നും മറിച്ച് സമൂഹത്തിന്‍റെ ചിന്തകളെ രൂപപ്പെടുത്തുന്ന ഒരു വലിയ ക്ലാസ് മുറിയാണെന്നും ഗീതാഞ്ജലി പറഞ്ഞു. ബോളിവുഡ് തങ്ങളുടെ അസ്തിത്വം വീണ്ടെടുക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.
തിയറ്ററിൽ നോളന്‍റെ ഒഡീസി കണ്ട അനുഭവം വിവരിക്കവെയാണ് ഗീതാഞ്ജലി ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെക്കുറിച്ചും ബോളിവുഡിന്‍റെ നിലവാരമില്ലായ്മയെക്കുറിച്ചും സംസാരിച്ചത്. നായകന്‍റെ യാത്ര, ധർമം, വിധി, മനുഷ്യന്‍റെ പോരാട്ടങ്ങൾ തുടങ്ങി ഒഡീസിയിൽ നോളൻ കൈകാര്യം ചെയ്ത പ്രമേയങ്ങൾ ഇന്ത്യൻ സംസ്കാരത്തിനും ഐതിഹ്യങ്ങൾക്കും ഏറെ പരിചിതമുള്ളവയാണെന്ന് ഗീതാഞ്ജലി പറഞ്ഞു. 2024ൽ ന്യൂയോർക്കിൽ വെച്ച് നോളനെ യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ സംസാരിച്ച കാര്യങ്ങൾ സ്ക്രീനിൽ കാണാൻ കഴിഞ്ഞത് വല്ലാത്തൊരു അനുഭവമാണെന്ന് ഗീതാഞ്ജലി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് നടത്തിയ നിരാഹാര സമരത്തിന്‍റെ പശ്ചാത്തലത്തിൽ ബോളിവുഡ് താരങ്ങൾ പുലർത്തിയ മൗനത്തിന് പിന്നാലെയാണ് ഗീതാഞ്ജലിയുടെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. വാങ്ചുക്കിന്‍റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് '3 ഇഡിയറ്റ്സ്' എന്ന ചിത്രത്തിലെ ആമിർ ഖാൻ അവതരിപ്പിച്ച കഥാപാത്രമെന്ന് പറയപ്പെട്ടിരുന്നു. എന്നാൽ സിനിമ ചെയ്യുമ്പോൾ തനിക്ക് വാങ്ചുക്കിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന ആമിർ ഖാന്‍റെ പ്രസ്താവന വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബോളിവുഡിനെ വിമർശിക്കുന്ന ഗീതാഞ്ജലിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ ചർച്ചയായി മാറുന്നത്.