Image Credit :Facebook
നടി രശ്മിക മന്ദാനയ്ക്ക് ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടർന്ന് ഒരു മാസം നീളുന്ന ചികിത്സയും വിശ്രമവുമാണ് ഡോക്ടർമാർ നിർദേശിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റതെന്നും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെന്നും സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളിലുണ്ട്.
അപകടം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള 'രണബാലി' യുടെ സെറ്റിലാണോ, അതോ ആക്ഷൻ ത്രില്ലർ ചിത്രമായ 'മൈസ'യുടെ സെറ്റിലാണോ സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷൂട്ടിങ്ങിനിടെയുണ്ടായ വീഴ്ചയിൽ രശ്മികയുടെ ഇടുപ്പിലെ ടെൻഡന്‍ പൂർണമായും വേർപെട്ടതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. തീവ്ര പരിശീലനം നടത്തുന്ന പ്രഫഷണൽ അത്‌ലറ്റുകൾക്ക് സംഭവിക്കാവുന്ന തരത്തിലുള്ള ഗുരുതര പരുക്കാണിതെന്നാണ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ പറയുന്നത്.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'രണബാലി' യും ആക്ഷൻ ത്രില്ലർ ചിത്രമായ 'മൈസ'യുമാണ് രശ്മികയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും കഥയാണ് പറയുന്നത്. ചിത്രത്തിലെ വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ഗാനത്തിന് ഇതിനോടകം മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ റിലീസിനായി ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതേസമയം, അപകടത്തെക്കുറിച്ചോ പരുക്കിന്റെ സ്വഭാവത്തെക്കുറിച്ചോ രശ്മിക മന്ദാനയോ അവരുടെ സംഘമോ സിനിമയുടെ അണിയറ പ്രവർത്തകരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.