ചലച്ചിത്ര മേഖലയിലെ മുഴുവൻ ജോലികളും ഒരു കുടക്കീഴിൽ പഠിപ്പിക്കുന്ന പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യോട് സംവിധായകൻ അൽഫോൺസ് പുത്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അൽഫോൺസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
നിലവിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സിനിമയുമായി ബന്ധപ്പെട്ട നാലോ അഞ്ചോ പ്രധാന ശാഖകൾ മാത്രമാണ് പഠിപ്പിക്കുന്നത്. എന്നാൽ സിനിമയിലെ എല്ലാ 24 മേഖലകളെക്കുറിച്ചും വിദ്യാർഥികൾക്ക് അറിവ് ലഭിക്കുന്ന രീതിയിലുള്ള ഒരു പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തമിഴ്‌നാട്ടിൽ ആരംഭിക്കണമെന്നാണ് അൽഫോൺസ് പുത്രൻ കുറിച്ചത്. സിനിമാമോഹികളായ പുതിയ തലമുറയ്ക്ക് ഇത് വലിയൊരു അവസരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കുറച്ച് വർഷങ്ങൾക്ക് മുൻപ് വിജയ്യുടെ മകൻ സഞ്ജയ്‌യെ നായകനാക്കി ഒരു സിനിമ ചെയ്യാൻ അൽഫോൺസ് പുത്രൻ പദ്ധതിയിട്ടിരുന്നതായി ലിയോ എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ വിജയ് പറഞ്ഞിരുന്നു. എന്നാൽ സഞ്ജയ്‌ക്ക് സിനിമയുടെ അണിയറയിൽ പ്രവർത്തിക്കാനായിരുന്നു താൽപര്യമെന്നും അതുകൊണ്ടുതന്നെ അൽഫോൺസ് പുത്രനോട് 'നോ' പറയുകയായിരുന്നുവെന്നും വിജയ് പറഞ്ഞു.
അതേസമയം, സംവിധാനത്തിന് പുറമെ അഭിനയത്തിലും ചുവടുറപ്പിക്കുകയാണ് അൽഫോൺസ് പുത്രൻ. വാഴ 2യിൽ അൽഫോൺസ് അവതരിപ്പിച്ച പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന വിജയം എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രേമം കഴിഞ്ഞ് പതിനൊന്ന് വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.