രാജ്യത്തെ യുവാക്കളുടെ ഭാവി നിര്‍ണയിക്കുന്ന വിഷയമായതിനാലാണ്  ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ താന്‍ പിന്തുണച്ചതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍.

അതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഒപ്പം കൂട്ടേണ്ട. തെറ്റു ചെയ്തവര്‍ മാത്രം കല്ലെറിയാന്‍ പറയുന്നിടത്ത് , അങ്ങിനെ പറയുന്നവരും  തെറ്റു ചെയ്തിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതും നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. റിലീസിനൊരുങ്ങുന്ന ഉന്മാദം സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി മനോരമ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ‌കുഞ്ചാക്കോ ബോബന്‍റെ പ്രതികരണം 

നമ്മുടെ യുവജനതയുടെ ഭാവി നിര്‍ണയിക്കുന്ന ഒരു വിഷയത്തിനാണ് ഞാന്‍ പിന്തുണ കൊടുത്തത്. മനുഷ്യത്വപരമായ ഒരു കാഴ്ചപ്പാട് അതിനുണ്ട്. അത് ഭാരതത്തിലെ ഒരു പൗരന്‍ എന്ന രീതിയിലുള്ള പിന്തുണയാണ്. ഇതില്‍ മറ്റൊരു കാര്യം മനസിലാക്കേണ്ടത്, ഇന്ന് യുവാക്കള്‍ മുന്നോട്ടുവെയ്ക്കുന്ന പ്രശ്നങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അന്നത്തെ സര്‍ക്കാരും, അതിനു നേതൃത്വം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളും അതിനോട് എങ്ങനെയാണ് സമീപിച്ചത് എന്നതും പ്രധാനമാണ്. തെറ്റു ചെയ്യാത്തവര്‍ മാത്രം കല്ലെറിയാന്‍ പറയുമ്പോള്‍ ഈ പറയുന്നവരും തെറ്റു ചെയ്തിട്ടുണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്. ഞാന്‍ പറഞ്ഞതിനെ ഭാവി തലമുറയ്ക്കു വേണ്ടിയുള്ള പിന്തുണയായിട്ടാണ് കാണ്ടേണ്ടത്. പുതിയ തലമുറയില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടാകും. അവര്‍ക്കെല്ലാവര്‍ക്കുമുള്ള പിന്തുണയാണ് അറിയിച്ചത്.  

അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ തനിക്ക് സൈബര്‍ അറ്റാക്ക് ഉണ്ടായിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സോഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍ ആര്‍ക്കും എന്തും പറയാനാവുന്ന സാഹചര്യമാണെന്നും താരം പ്രതികരിച്ചു. ലൈസന്‍സോ, സെന്‍സര്‍ഷിപ്പോ, നിയന്ത്രണങ്ങളോ ഇത്തരത്തില്‍ സൈബര്‍ വാളുകളില്‍ ഇല്ലെന്നും ഒരു വിഷയത്തെക്കുറിച്ച് ഒരു ഗ്രാഹ്യവും ഇല്ലെങ്കില്‍ പോലും ആ വിഷയത്തില്‍ വളരെ പാണ്ഡ്യത്തുണ്ടെന്ന് തോന്നിപ്പിച്ച് ഏതൊരാള്‍ക്കും എന്തും പറയാവുന്ന സാഹചര്യമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്നതൊക്കെയും സത്യമെന്ന് വിശ്വസിക്കുകയും, തെറ്റിധരിക്കപ്പെടുകയും ചെയ്യുന്ന ആളുകളുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ക്ക് നിയന്ത്രണമോ ആധികാരികതയോ വരുമ്പോള്‍ മാത്രമാണ് ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിക്കൂ. ഇപ്പോഴത്തെ അവസ്ഥയില്‍ അതില്ലെന്നതാണ് സങ്കടകരമായ കാര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. 

സോഷ്യല്‍ മീഡിയ ഏതു രീതിയില്‍ ഉപകാരപ്പെടുമെന്ന് നമ്മള്‍ നോക്കേണ്ടതാണ്. സിനിമാ റിവ്യൂ വിഷയവും ഇങ്ങനെയാണ്. ഒരു നല്ല സിനിമ തിയറ്ററില്‍ മികച്ച വിജയം നേടി മുന്നേറിയാല്‍ അതിനെതിരെ എത്ര നെഗറ്റീവ് റിവ്യൂ പ്രചരിപ്പിച്ചാലും ആളുകള്‍ തിയറ്ററില്‍ പോയി സിനിമ കാണും. ഒരു നല്ല സിനിമയെ സോഷ്യല്‍ മീഡിയ പ്രചരണത്തിലൂടെ തിയറ്ററില്‍ പരാജയപ്പെടുത്താമെന്നും, ഒരു മോശം സിനിമയെ നല്ല റിവ്യൂ പറഞ്ഞ് വിജയിപ്പിക്കാന്‍ പറ്റും എന്നും വശ്വസിക്കുന്നില്ല. ഒരു സിനിമ പരാജയപ്പെട്ടു കഴിഞ്ഞാല്‍ നമ്മള്‍ ആ യാഥാര്‍ത്ഥ്യം മനസിലാക്കുക. പ്രതീക്ഷയോടെ മുന്നോട്ടു പോവുക, തെറ്റുകള്‍ ആവര്‍ത്തിക്കാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന, വ്യത്യസ്തമായ സിനിമകള്‍ നല്‍കുന്നതിന്‍റെ ചിന്തകളിലേക്ക് പോവുക  എന്നതാണ് കാര്യമെന്നും കുഞ്ചാക്കോ പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ഉന്മാദം ജൂലൈ 31 ന് തിയറ്ററിലെത്തുകയാണ്. നിരവധി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാഹി കബീറാണ് തിരക്കഥ ഒരുക്കുന്നത്. ലിജോമോള്‍ ജോസ് നായികയാകുന്ന ചിത്രത്തില്‍, ഷെല്ലി എന്ന പൊലീസ് കഥാപാത്രമായി കുഞ്ചാക്കോ ബോബന്‍ എത്തുന്നു. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട്, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 

ENGLISH SUMMARY:

Kunchacko Boban's stance on student protests in Delhi highlights his support for issues determining the future of the nation's youth. He believes such movements do not require political alignment and emphasizes that those who cast stones should also examine their own actions.