സിജെപി പ്രതിഷേധത്തിലുള്ള പോസ്റ്റില്‍ പേളി മാണിക്ക് മറുപടിയുമായി സംവിധായകന്‍ സിബി മലയിലിന്‍റെ മകന്‍ ജോ. പേളി വിശേഷിപ്പിച്ച പരാജയപ്പെട്ട സംവിധായകന്‍ തന്‍റെ അച്ഛനാണെന്നും അദ്ദേഹം നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളര്‍ത്തിയതെന്നും ജോ പറഞ്ഞു. ‘ഹേയ്, അമ്മ പോരാളി, ആ ‘പരാജയപ്പെട്ട സിനിമക്കാരൻ’ എന്‍റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് നന്നായി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്‍റെ 7 സ്ലൈഡുകൾ വായിക്കാൻ നിങ്ങൾക്ക് ഇത്ര മടിയുണ്ടായിരുന്നോ? 57 ലക്ഷം ഫോളോവേഴ്സ് നിങ്ങളുടെ അപൂർണ്ണമായ ആശയങ്ങൾ വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക്, ഏഴ് സ്ലൈഡുകൾ വായിക്കുന്നത് ഇത്ര വലിയ ഭാരമായി തോന്നുന്നുവോ? നിങ്ങൾ ഈ വിഷയം വ്യക്തിപരമാക്കിയ സ്ഥിതിക്ക് കളി തുടങ്ങാം. ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, ‘ആ പരാജയപ്പെട്ട ചലച്ചിത്രകാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്. അദ്ദേഹത്തിന്‍റെ പേര് സിബി മലയിൽ എന്നാണ്. മുന്നോട്ടു വരൂ. നിങ്ങളുടെ കഴിവിന്‍റെ പരമാവധി കാണിക്ക്,' ജോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയില്‍ പറഞ്ഞു. 

തന്‍റെ പോസ്റ്റിനൊപ്പം ഒരു മുന്നറിയിപ്പ് നൽകേണ്ടിയിരുന്നു എന്ന് തോന്നുന്നു  എന്നായിരുന്നു പേളി അവസാനം പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. അത് പലരെയും അസ്വസ്ഥരാക്കി. അത് എത്രയധികം പേരെയാണ് പ്രകോപിപ്പിച്ചത്! എനിക്ക് സമാധാനവും സുരക്ഷിതത്വവും അഹിംസയുമാണ് വേണ്ടത്! ഇവരൊക്കെ ആരാണെന്നോർത്ത് എനിക്ക് ആകാംക്ഷ തോന്നുന്നു. ഒരു പരാജയപ്പെട്ട സിനിമാക്കാരൻ എന്‍റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് ഇപ്പോൾ ഒരു പത്ത് പേജ് തിരക്കഥയെഴുതുന്നു. അതിനെ പരമാവധി അനാരോഗ്യകരമാക്കാൻ മുളകുപൊടിയും അജിനോമോട്ടോയും ചേർക്കുന്നു, എന്നാണ് ജോയെ പരോക്ഷമായി പരാമര്‍ശിച്ച് പേളി കുറിച്ചത്. 

പേ‌ളി, നിങ്ങൾ കണ്ടത് നിങ്ങൾക്ക് മാത്രമേ അറിയൂ എന്നും നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിക്കാൻ ഒത്തുകൂടിയ നിരായുധരായ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമമായിരുന്നു ലോകം കണ്ടതെന്നുമാണ് ജോ പറഞ്ഞത്. ചില വിദ്യാർഥികൾ ജീവനൊടുക്കി. അവർ തയാറെടുത്ത ഓരോ കാര്യങ്ങളും, കഠിനാധ്വാനം, എണ്ണമറ്റ പഠന മണിക്കൂറുകൾ, മാതാപിതാക്കളുടെയും സഹപാഠികളുടെയും സമ്മർദ്ദം... കഠിനാധ്വാനം ചെയ്ത് പരീക്ഷ പാസാകുക എന്നത് മാത്രമായിരുന്നു അവർക്ക് ചെയ്യാനുണ്ടായിരുന്നത്. അത് അവരിൽ നിന്ന് തട്ടിയെടുക്കപ്പെട്ടപ്പോൾ ആ താങ്ങാനാവാത്ത വേദന അവരുടെ കുഞ്ഞുമനസ്സുകൾക്ക് താങ്ങാൻ കഴിഞ്ഞില്ല, അവർ ആത്മഹത്യ ചെയ്തു. അവർ മരിച്ചു. ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ഈ വ്യവസ്ഥിതി അവരെ കൊന്നതാണ്.

ആ പ്രതിഷേധത്തിന് സർക്കാർ മറുപടി നൽകിയത് പൊലീസ് അതിക്രമങ്ങളും, ലാത്തികളിൽ ആണി തറച്ചും, കണ്ണീർ വാതകവും ജലപീരങ്കി ഉപയോഗിച്ചും, സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെയുള്ളവരെ ക്രൂരമായി കൈകാര്യം ചെയ്താണ്. ഒരു പത്ത് വയസ്സുകാരൻ കുട്ടിയെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടിച്ചു. വെറുതെ നിന്നതിന് ഒരു സ്ത്രീയെ ഡൽഹി പൊലീസിലെ ഒരു അഡീഷണൽ ഡി.സി.പി അടിച്ചു, അതും വെറുതെ നിന്നതിന്. നിങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം കാണാൻ തിരഞ്ഞെടുക്കാം, അതിൽ തെറ്റില്ല. നിങ്ങൾക്ക് കൂടുതൽ നന്നായി മനസ്സിലാക്കാൻ ഞാൻ ഒരു സാങ്കൽപ്പിക ഉദാഹരണം പറയാം. പേ വിഷബാധയേറ്റ ഒരു നായ നിങ്ങളെ കടിക്കാൻ ഓടിച്ചാൽ, നിങ്ങൾ കല്ലെടുത്തെറിയുകയോ വടികൊണ്ട് അടിക്കുകയോ അല്ലെങ്കിൽ ജീവൻ രക്ഷിക്കാൻ ഓടി രക്ഷപ്പെടുകയോ ചെയ്തേക്കാം. നിങ്ങൾ ഓടിപ്പോകാതെ അവിടെത്തന്നെ നിന്നാൽ, നിങ്ങൾക്ക് കടിയേൽക്കുമെന്നത് ഉറപ്പാണ്, നായയ്ക്ക് കല്ലോ വടിയോ കൊണ്ട് അടിയേൽക്കുകയും ചെയ്യും. എന്നാൽ ഓർക്കുക, പേ വിഷബാധയേറ്റ ഒരു നായ ആരെയും കടിക്കാൻ ഓടിക്കാതെ വെറുതെ അവിടെ നിൽക്കുകയാണെങ്കിൽ, ഒരു സാധാരണ ബുദ്ധിയുള്ള ഒരാളും ആ നായയുടെ പിന്നാലെ ഓടി അതിനെ അടിക്കില്ല. 

ഓരോ വിദ്യാർഥിയും ആരുടെയൊക്കെയോ കുട്ടിയാണെന്നും മറ്റുമൊക്കെ നിങ്ങൾ പറയുന്നു. സത്യമാണ്. അതുകൊണ്ടാണ്, മനസ്സാക്ഷിയുള്ള ആളുകൾ, അന്യായമായി മരിച്ച ഒരു കുട്ടിക്കുവേണ്ടി നീതി ലഭിക്കാൻ ഒത്തുചേർന്നിരിക്കുന്നത്. ‘എന്‍റെ മനസ്സിൽ വന്ന ഒരേയൊരു ചിന്ത... ദയവായി ആർക്കും പരിക്കേൽക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം വലിയൊരു ലക്ഷ്യവുമില്ല.’’ (പേളിയുടെ കുറിപ്പിൽ നിന്നുള്ള വാക്കുകൾ) ഇത് മണ്ടത്തരത്തിന്‍റെ മൂർധന്യാവസ്ഥയാണ്. ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ശവകുടീരങ്ങളിൽ തുപ്പുകയാണ് നിങ്ങൾ ചെയ്തത്. ഈ കെടുകാര്യസ്ഥതയുള്ള സഭക്കാരന്‍റെ പിടിപ്പുകേട് കാരണം ജീവൻ നഷ്ടപ്പെട്ട ഓരോ വിദ്യാർഥിയെയും നിങ്ങൾ അപമാനിക്കുകയായിരുന്നു. നിങ്ങൾ ഇത്രയും സ്വാതന്ത്ര്യത്തോടെ ഈ മണ്ണിൽ നിൽക്കുന്നതും ഈ മണ്ടൻ പോസ്റ്റ് എഴുതിയതും ഭൂരിപക്ഷം ആളുകളും നിങ്ങളെപ്പോലെ ചിന്തിക്കാതിരുന്നതുകൊണ്ടാണ്. മണ്ടന്മാരായ ആളുകൾക്ക് അവരെ അപമാനിക്കാൻ വേണ്ടിയായിരുന്നല്ലോ അവരുടെ ത്യാഗം! നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ, ഇതൊരു പരിഹാസമാണ്.

ഈ നീക്കത്തിന്‍റെ യഥാർഥ ലക്ഷ്യം, അതിനെ പിന്തുണച്ച ആരുടെയും പേരിൽ ഒരിക്കലും മങ്ങിപ്പോയിട്ടില്ല. ഈ മുന്നേറ്റം, ഈ രാജ്യത്തെ എല്ലാ ഉത്തരവാദിത്തമില്ലായ്മകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് തിരികൊളുത്തും. ഇതൊരു സാമൂഹ്യപാഠ ക്ലാസ്സെടുത്ത് പഠിപ്പിക്കാൻ എനിക്കിപ്പോൾ ഊർജമില്ല. ഈ രാജ്യത്തെ യഥാർഥ തെറ്റുകൾ എന്തൊക്കെയാണെന്ന് ശരിക്കും അറിയുന്ന ഒരു സുഹൃത്തോ കുടുംബാംഗമോ നിങ്ങൾക്കുണ്ടെങ്കിൽ, ദയവായി അവരുമായി സംസാരിച്ച് ഈ വിഷയങ്ങളെക്കുറിച്ച് സ്വയം മനസ്സിലാക്കുക. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും, ഈ പ്രതിഷേധം നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയോടെയാണ് ആരംഭിച്ചതെന്നും, സഭക്കാരന്‍റെ കെടുകാര്യസ്ഥത കാരണം മറ്റ് പല കാര്യങ്ങളും എന്തുകൊണ്ട് ചൂണ്ടിക്കാണിക്കപ്പെടുന്നു എന്നും. 

ഒടുവിൽ, പലരും നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിച്ചെന്നും മറ്റു ചിലർ നിങ്ങളുടെ മൗനത്തെ ചോദ്യം ചെയ്തെന്നും പറയുകയുണ്ടായി. നിങ്ങളോട് സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചവർ കൂട്ടുകാരാണെങ്കിൽ, അവരുമായിട്ടുള്ള സൗഹൃദം അവസാനിപ്പിക്കുക. നിങ്ങളുടെ മൗനത്തെ ചോദ്യം ചെയ്തവർ ശത്രുക്കളാണെങ്കിൽ, അവർ ശത്രുക്കളായിത്തന്നെ തുടരട്ടെ. ഈ രണ്ട് കൂട്ടരും ചെയ്തത് തെറ്റാണ്. നിങ്ങൾ ഈ പോസ്റ്റ് ചെയ്തത് മണ്ടത്തരമാണെന്ന് വിളിച്ച് പറഞ്ഞ ഒരു വ്യക്തിയുണ്ടെങ്കിൽ, പ്രിയപ്പെട്ടവനേ/വളേ, അതാണ് ഒരു യഥാർഥ സുഹൃത്ത്. അവരെ മുറുകെ പിടിക്കുക. നിങ്ങളുടെ ഓരോ വാക്കും ഒരുപാട് പേരിലേക്കാണ് എത്തുന്നത്. അതുകൊണ്ട് ശരിയായ കാര്യം പറയാൻ തിരഞ്ഞെടുക്കണമായിരുന്നു. ഇത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പറയുന്നു. വ്യക്തിപരമായ അഭിപ്രായം സ്വകാര്യ ഇടങ്ങളിലാണ് പങ്കുവയ്ക്കേണ്ടിയിരുന്നത്, അല്ലാതെ സോഷ്യൽ മീഡിയയിലായിരുന്നില്ല.

ഇന്നാണോ നിങ്ങൾക്കിങ്ങനെ തോന്നിയത്? ഈ വിവരക്കേട് പോസ്റ്റ് ചെയ്യുന്നതിന് മുൻപെ അറിയേണ്ട കാര്യങ്ങളെല്ലാം അവിടെയുണ്ടായിരുന്നല്ലോ. അതൊന്നും നോക്കാതെയാണ് ഇത് പോസ്റ്റ് ചെയ്തത്. എന്നിട്ട് ഇപ്പോഴാണോ ഇങ്ങനെയാണ് എനിക്കു തോന്നിയെന്ന് പറയുന്നത് ? ഇതൊരു മുന്നേറ്റമാണ്, വിദ്യാർഥികളും സാധാരണക്കാരും അഴിമതിക്കെതിരെ നിലകൊള്ളുന്ന സമരമാണ്. നിങ്ങളുടെ മൂഡ് അനുസരിച്ച് പോകാനും പോകാതിരിക്കാനും കഴിയുന്ന ഒരു ‘പാർട്ടി’ അല്ലിത്. നിങ്ങൾക്കു വേണ്ടി ഒരു പി.ആർ. ടീമാണ് ഈ പ്രസ്താവന എഴുതിയതെങ്കിൽ, അവരെ ഉടൻ പിരിച്ചുവിടുക. ഇത് പൂർണമായും സ്വന്തം അഭിപ്രായമാണെങ്കിൽ, കേരളത്തിലെ സാക്ഷരതാ നിരക്ക് 94% മാത്രമേ ഉള്ളൂല്ലോ. അതെനിക്ക് മനസ്സിലാക്കാം. നിങ്ങളുടെയും മക്കളുടെയും ഭാവി നിങ്ങളോട് കരുണ കാണിക്കട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഒരു ചെറിയ ഉപദേശം: നിങ്ങൾ ഈ വിഷയത്തില്‍ ഒന്നും പോസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ, പേടിച്ച് നട്ടെല്ലില്ലാതെ ഇരിക്കുകയാണെന്നേ ആളുകൾ കരുതുമായിരുന്നുള്ളൂ. പക്ഷേ ഇപ്പോൾ ഇങ്ങനെ പറഞ്ഞത് ഭീരുത്വം കൊണ്ടല്ലെന്ന് ആളുകൾക്ക് ഇപ്പോൾ ഉറപ്പായി. കൂടാതെ മണ്ടത്തരവും ഇപ്പോൾ അവർക്ക് മനസ്സിലായി. പോസ്റ്റിനായി ഉപയോഗിച്ച നിറങ്ങൾ കൃത്യമായി തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്തൊരു സൂക്ഷ്മത! എന്തായാലും, കലക്കി! ജയ് ഹിന്ദ്, ജോ കുറിച്ചു. 

ENGLISH SUMMARY:

A heated online exchange ensued between Pearle Maaney and Joe, the son of veteran filmmaker Sibi Malayil, over a recent controversial protest statement. After Pearle subtly called him a "failed filmmaker" writing scripts with chili powder and ajinomoto, Joe lashed out on Instagram, proudly defending his father and criticizing Pearle for her personal attack. Joe condemned Pearle’s comments on the CJP protest and NEET paper leak issues, framing her perspective as ignorant, insensitive, and insulting to student struggles and national martyrs. He concluded by advising Pearle to re-evaluate her PR team or educate herself before voicing personal opinions to her millions of followers on social media.