1992-ൽ ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ചിത്രമാണ് കൗരവര്‍. ലോഹിതദാസിന്‍റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തിന് ഇന്നും വലിയ കള്‍ട്ട് ഫാന്‍ ഫോളോവിങ്ങുണ്ട്. വിഷ്ണു വർദ്ധൻ, തിലകൻ, മുരളി, അഞ്ജു, ബാബു ആന്റണി, ഭീമൻ രഘു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

സിനിമയിലെ ഏറ്റവും വലിയ മിസ്റ്ററിയായിരുന്നു മൂന്ന് പെണ്‍കുട്ടികളില്‍ മമ്മൂട്ടിയുടെ മകളാര് എന്നത്.  34 വർഷമായി മലയാള സിനിമയിൽ ഉത്തരം കിട്ടാത്ത ചോദ്യമാണിത്. സംവിധായകൻ ജോഷിയോ തിരക്കഥാകൃത്ത് ലോഹിതദാസോ ഇതുവരെ അതേപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. വിഷ്ണുവർധൻ കുത്തേറ്റുവീഴുമ്പോഴും മരിക്കുന്നതിനു മുൻപ് ആശുപത്രിയിൽവച്ചും മമ്മൂട്ടി അയാളോട് ഇക്കാര്യം ചോദിക്കുന്നുണ്ട്. 

എന്നാൽ, താൻ അങ്ങനെ വേർതിരിച്ച് കണ്ടിട്ടില്ലെന്നും മൂന്നുപേരും ഒരുപോലെയാണെന്നുമാണ് അയാൾ പറയുന്നത്. സിനിമയുടെ അവസാനം, ആശുപത്രി രേഖകൾ പരിശോധിച്ച് മുരളിയുടെ കഥാപാത്രം ഇതിന് ഉത്തരം കണ്ടെത്തുന്നുണ്ട്. എന്നാൽ, അത് പറയാൻ മമ്മൂട്ടി മുരളിയെ അനുവദിക്കുന്നില്ല. മൂന്നുകുട്ടികളെയും മമ്മൂട്ടിയുടെ ആന്റണി ഒരുപോലെ സ്നേഹിക്കുന്നു എന്ന രീതിയിലാണ് സിനിമ അവസാനിക്കുന്നത്.

34 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള മനോരമ ഞായറാഴ്ച പതിപ്പിലൂടെ സംവിധായകന്‍ ജോഷി ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഏതുകുട്ടിയാണ് മമ്മൂട്ടിയുടെ മകൾ എന്ന കാര്യത്തിൽ ജോഷിയും ലോഹിതദാസും കൂടി അന്നേ തീരുമാനം എടുത്തിരുന്നു. ശ്രീക്കുട്ടി, നന്ദിനിക്കുട്ടി, പാറുക്കുട്ടി എന്നിങ്ങനെയാണ് അവരുടെ പേരുകൾ. ആദ്യത്തെയും അവസാനത്തെയും കുട്ടികൾക്ക് നീണ്ട മുഖവും നടുവിലുള്ള നന്ദിനിക്കുട്ടിക്കു മാത്രം വട്ടമുഖവുമാണ്. 

രൂപത്തിലെ ഈ വ്യത്യാസത്തിൽനിന്ന് പ്രേക്ഷകർ വേണമെങ്കിൽ തിരിച്ചറിയട്ടെ എന്നതായിരുന്നു അവരുടെ തന്ത്രം. നന്ദിനിക്കുട്ടിയുടെ ചെറുബാല്യം ചിത്രീകരിക്കുമ്പോൾ, ഈ രൂപസാദൃശ്യമുള്ള വട്ടമുഖമുള്ള കുട്ടിയെത്തന്നെയാണ് കണ്ടെത്തിയതും. തന്റെ മകൾ ആരെന്ന കാര്യം ആന്റണിക്ക് അറിയില്ലാത്തതിനാൽ, ഇക്കാര്യം മമ്മൂട്ടിയോടും പറയാതെ രഹസ്യമായിത്തന്നെ വയ്ക്കുകയായിരുന്നു.

ENGLISH SUMMARY:

Director Joshiy has finally revealed the long-standing mystery regarding Mammootty's daughter in the 1992 cult classic Kauravar. After 34 years of speculation, the director explained that he and screenwriter Lohithadas had intentionally planted a visual clue for the audience: among the three girls—Sreekutty, Nandinikutty, and Parukutty—only Nandinikutty shared a distinct round face shape, matching the child actor cast for her younger self. While the character Antony remained unaware of his daughter's true identity, the film's creators kept this detail a secret to maintain the emotional ambiguity of the narrative.