'തുടരും' ഫെയിം പ്രകാശ് വർമയെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം ‘ലോ ആൻഡ് ഓർഡറിന്റെ’ ട്രെയിലർ പുറത്തിറങ്ങി. ഉദയ് കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജിയും മഹാ സുബൈർ മൂവീക്ഷേത്രയുടെ ബാനറിൽ മഹാ സുബൈറും ചേർന്നാണ് നിർമിക്കുന്നത്.

ട്രെയിലറിലെ പ്രധാന ആകർഷണം മമ്മൂട്ടിയുടെ അതിഥി വേഷമാണ്. രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'ബ്ലാക്കിലെ' ഐക്കോണിക് കഥാപാത്രമായ 'കാരിക്കാമുറി ഷൺമുഖനാ'യാണ് മമ്മൂട്ടി വീണ്ടുമെത്തുന്നത്. ട്രെയിലറിന്റെ ഒടുവിൽ മുഖം വ്യക്തമാക്കാതെ കറുത്ത വസ്ത്രമണിഞ്ഞ് കൈയിൽ തോക്കുമായി നടന്നുനീങ്ങുന്ന കാരിക്കാമുറി ഷൺമുഖന്റെ രംഗങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

അതേസമയം ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനവുമുയരുന്നുണ്ട്. മുന്‍പ് പുറത്തുവന്ന ടീസറിനും പോസ്റ്ററിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുറത്തുവന്ന ട്രെയിലറിന്‍റെ കമന്‍റ് ബോക്സിലും വിമര്‍ശനം ശക്തമാണ്. 'ടൈം ട്രാവൽ ചെയ്ത് 2010 എത്തി. എ രഞ്ജിത്ത് മാജിക്', 'കാരിക്കാമുറി ഷണ്മുഖൻ എന്ന ഐക്കോണിക്ക് ക്യാരക്ടർ ഇല്ലാതെ ആക്കും', 'ഒരു സ്പൂഫ് പടം ആയിട്ട് കണ്ടാൽ ഇത് എന്റർടൈനിങ്ങ്‌ ആവാൻ സാധ്യതയുണ്ട്...', 'കാലംതെറ്റി ഇറങ്ങിയ അത്ഭുതം 2010 ൽ ആയിരുന്നെങ്കിൽ ഇന്‍ഡസ്ട്രി ഹിറ്റ് അടിക്കേണ്ട മുതൽ', എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 

2018-ലെ 'ഡ്രാമ'യ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോ ആന്‍ഡ് ഓര്‍ഡര്‍. ഉദയ് കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അഭിരാമി, ഋതുദേവ് അയ്യപ്പൻ, വി.കെ. പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ഭീമൻ രഘു, ജോണി ആന്റണി, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, സാബു മോൻ, നന്ദു തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ENGLISH SUMMARY:

Director Ranjith's upcoming Malayalam film 'Law and Order', starring 'Thudarum' fame Prakash Varma in the lead, has officially released its theatrical trailer. Written by Udaykrishna, the film has generated massive social media buzz due to a surprise cameo appearance by Mammootty, who reprises his iconic character 'Karikkamury Shanmughan' from the 2004 blockbuster 'Black'. While fans are celebrating the nostalgic return of the legendary character, the trailer has also sparked mixed reactions and critical comments online. Bankrolled by Premachandran A.G. and Maha Zubair, the movie features an extensive supporting star cast including Abhirami, V.K. Prakash, and Siddique.