മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ന്നുനില്‍ക്കുകയാണ്. 72–ാമത് ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി മമ്മൂട്ടിയെ പ്രഖ്യാപിച്ചപ്പോള്‍ അത് മലയാള സിനിമക്കാകെ അഭിമാനിക്കാവുന്ന നേട്ടമായി. 'ഭ്രമയുഗ'ത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. പിന്നാലെ സിനിമാ ലോകത്ത് നിന്നും മറ്റ് മേഖലകളില്‍ നിന്നും ആശംസാ പ്രവാഹമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് നടനും പാലക്കാട് എംഎല്‍എയുമായ രമേഷ് പിഷാരടിയുടേതാണ്. മമ്മൂട്ടി തന്നെ ചുംബിക്കുന്ന വിഡിയോ ആണ് രമേഷ് പിഷാരടി പങ്കിട്ടത്. കാറിലിരിക്കുന്ന മമ്മൂട്ടിയോട് ഒരുമ്മ തന്നേയെന്ന് രമേഷ് പിഷാരടി ചോദിക്കുന്നതും അദ്ദേഹം ഉമ്മ വക്കുന്നതും വിഡിയോയില്‍ കാണാം. 'ഇന്നല്ലെങ്കിൽ പിന്നെ എന്ന്, ഗ്യാലറിയിൽ ഇതിങ്ങിനെ പോസ്റ്റ് ചെയ്യാതെ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു,' എന്ന ക്യാപ്ഷനോടെയാണ് രമേഷ് പിഷാരടി വിഡിയോ പങ്കുവച്ചത്.
വിഡിയോക്ക് രസകരമായ കമന്‍റുകളും ആരാധകര്‍ പങ്കുവക്കുന്നുണ്ട്. 'ഇക്കയുടെ സ്വന്തം പിഷു', 'ദുൽഖറിന് പോലും കിട്ടിയിട്ടുണ്ടാവില്ല ഈ പ്രായത്തിൽ', 'ഭാഗ്യവാൻ..' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
ഹിന്ദി നടന്‍ കാര്‍ത്തിക് ആര്യനൊപ്പമാണ് മമ്മൂട്ടി മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടത്. യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടിക്ക് പുറമേ മികച്ച വനിതാ പിന്നണി ഗായികയായി വൈക്കം വിജയലക്ഷ്മി, മികച്ച ഛായാഗ്രാഹകനായി ഷെഹ്നാദ് ജലാൽ, നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ സ്പെഷ്യൽ ജൂറി മെൻഷൻ നേടി 'ഭദ്രകാളി' സിനിമയും മലയാളത്തില്‍ നിന്നും അവാര്‍ഡ് നേടി. മികച്ച മലയാള ചിത്രമായി 'ഫെമിനിച്ചി ഫാത്തിമ' പ്രഖ്യാപിക്കപ്പെട്ടു.