പുരസ്കാര നഷ്ടത്തില്‍ എന്നും മുന്‍പന്തിയിലായിരുന്നു മമ്മൂട്ടി. അവസാന റൗണ്ട് വരെയെത്തി പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളികളെ നിരാശരാക്കി നിരവധി തവണയാണ് മമ്മൂട്ടി ചിത്രങ്ങള്‍ നിരസിക്കപ്പെട്ടത്. 1999ലാണ് ഒടുവില്‍ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്, 'ഡോ. ബാബാ സാഹേബ് അംബേദ്കറി'ലെ പ്രകടനത്തിന്. അതിന് ശേഷം നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ അതുല്യ പ്രതിഭയ്ക്കുള്ള അംഗീകാരം ലഭിക്കുന്നത്. അതിനിടയ്ക്ക് എത്രയോ തവണ മമ്മൂട്ടി തിരസ്കരിക്കപ്പെട്ടു.
2024ല്‍ 70–ാമത് ദേശീയ ചലച്ചിത്ര പുരസകാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും മമ്മൂട്ടിക്ക് പുരസ്കാരം ലഭിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മികച്ച നടനായി ഋഷഭ് ഷെട്ടിയെ തിരഞ്ഞെടുത്തു എന്നാണ് ഉയര്‍ന്ന വിമര്‍ശനം. ഋഷഭ് ഷെട്ടിയുടേത് മികച്ച പ്രകടനമായിരുന്നെങ്കിലും 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിലേയും 'റോഷാക്കി'ലേയും പല ലെയറുകളിലുള്ള സങ്കീര്‍ണമായ കഥാപാത്ര നിര്‍മിതിയും അതിനും മുകളില്‍ നിന്നും പ്രകടനവും അവാര്‍ഡ് അര്‍ഹിച്ചിരുന്നുവെന്നായിരുന്നു വിമര്‍ശനം. എന്നാൽ ആ വർഷം റിലീസ് ചെയ്ത മമ്മൂട്ടിയുടെ ചിത്രങ്ങളായ 'നൻപകൽ നേരത്ത് മയക്കം', 'റോഷാക്ക്' എന്നിവ ദേശീയ അവാർഡ് ജൂറിക്ക് മുന്നിൽ എത്തിയിരുന്നില്ല എന്ന് സൗത്ത് ജൂറി അംഗമായിരുന്ന സംവിധായകൻ എം.ബി. പത്മകുമാർ വെളിപ്പെടുത്തുകയുമുണ്ടായി.
'പേരന്‍പിലെ' 'അമുദവനാ'യുള്ള അതുല്യ പ്രകനടത്തിന് മമ്മൂട്ടിക്ക് മികച്ച നടനായി സാധ്യതകള്‍ ഏറെ കല്‍പിക്കപ്പെട്ട 2019ലും പ്രഖ്യാപനം വന്നപ്പോള്‍ മികച്ച നടന്മാരായത് വിക്കി കൗശലും ആയുഷ്മാന്‍ ഖുറാനയുമായിരുന്നു. ആ വര്‍ഷം ചലച്ചിത്രപുരസ്കാരത്തെ ചൊല്ലി തമിഴ്നാട്ടിലും കേരളത്തിലും വലിയ വിവാദം ഉടലെടുത്തു. പ്രമുഖ സിനിമ താരങ്ങള്‍ വരെ അനീതിക്കെതിരെ രംഗത്ത് വന്നു. വിമര്‍ശനം സൈബര്‍ അറ്റാക്കിലേക്കും അധിക്ഷേപത്തിലേക്കും എത്തിയതോടെ ജൂറി ചെയര്‍മാന്‍ രാഹുല്‍ റവയില്‍ മമ്മൂട്ടിക്ക് സോഷ്യല്‍ മീഡിയയില്‍ തുറന്ന കത്തെഴുതുന്ന സാഹചര്യം പോലുമുണ്ടായി.
അതിനാല്‍ ഇത്തവണയും പുരസ്കാര പ്രഖ്യാപനത്തില്‍ മമ്മൂട്ടിക്ക് ലഭിക്കുമോ എന്ന സംശയം പല കോണില്‍ നിന്നുമുയര്‍ന്നു. എന്നാല്‍ പ്രഖ്യാപനം വന്നപ്പോള്‍ മമ്മൂട്ടി മികച്ച നടന്‍, ചിത്രം 'ഭ്രമയുഗം'. ചന്തു ചാമ്പ്യനിലെ പ്രകടനത്തിന് കാര്‍ത്തിക് ആര്യനൊപ്പമാണ് മമ്മൂട്ടി മികച്ച നടനായി പ്രഖ്യാപിക്കപ്പെട്ടത്. അവഗണനകള്‍ക്കൊടുവില്‍ അര്‍ഹിച്ച അംഗീകാരമാണ് മലയാളത്തിന്‍റെ മഹാനടന് ലഭിക്കുന്നത്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതും 'ഭ്രമയുഗ'ത്തിലെ പ്രകടനത്തിന് തന്നെ.
പരീക്ഷണാടിസ്ഥാനത്തിലൊരുങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം, കേരളത്തിലെ മിത്തിനേയും ഐതിഹങ്ങളേയും ഉപയോഗിച്ച തിരക്കഥ, വ്യത്യസ്തമായ മേക്കിങ്, അങ്ങനെ ഒട്ടേറെ ഘടകങ്ങളുണ്ടെങ്കിലും ഭ്രമയുഗത്തിന്‍റെ ആത്മാവ് 'കൊടുമണ്‍ പോറ്റി'യായുള്ള മമ്മൂട്ടിയുടെ പ്രകടനമാണ്. മനുഷ്യന്‍റെ രൂപത്തിലായിരിക്കുമ്പോഴും ഒരു പാളി നോട്ടത്തില്‍ പോലും ചാത്തന്‍റെ സൂക്ഷ്മ ഭാവങ്ങള്‍, കഥാപാത്രത്തിലേക്ക് മമ്മൂട്ടി പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന പെര്‍ഫോമന്‍സ്, ആ പെര്‍ഫോമന്‍സ് ആ സിനിമയെ ആകെ തന്നെ ഉയര്‍ത്തുകയാണ്. 'ചതിയൻ ചന്തു', കൊടും ക്രൂരൻ 'പട്ടേലര്', 'അംബേദ്കർ' എന്നിങ്ങനെ മമ്മൂട്ടി പുറത്തെടുത്ത ഐക്കോണിക് കഥാപാത്രങ്ങളുടെ കൂട്ടത്തിലേക്കാണ് 'കൊടുമണ്‍ പോറ്റിയും' കയറിയിരിക്കുന്നത്. പതിറ്റാണ്ടുകളായി തേച്ചു തേച്ചു മിനുക്കിയെടുത്ത പ്രതിഭയ്ക്ക് വൈകിയെങ്കിലും ലഭിക്കുന്നത് അർഹിച്ച ആദരവാണ്. ഈ ദേശീയ പുരസ്‌കാരം ചരിത്ര നിമിഷമായി ഓർമിക്കപ്പെടും.