ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി നടൻ ആസിഫ് അലി. മമ്മൂക്കയ്ക്ക് പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും താനും അദ്ദേഹത്തിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നു എന്നറിഞ്ഞതില്‍ സന്തോഷമെന്നും ആസിഫ് പറഞ്ഞു. അതേസമയം 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതിലെ സങ്കടവും ആസിഫ് അലി മറച്ചുവച്ചില്ല.
‘മമ്മൂക്കയുടെ നാലാമത്തെ ദേശീയ അവാര്‍ഡാണ്. സംസ്ഥാന അവാർഡ് കിട്ടിയപ്പോഴേ ഞാൻ പറഞ്ഞതാണ്. അത് മമ്മൂക്കയുമായി ഷെയർ ചെയ്യാൻ കഴിഞ്ഞത് അഭിമാനകരമായ നിമിഷമായിരുന്നു. അദ്ദേഹത്തോടൊപ്പെ നോമിനേഷനിൽ ഉണ്ടായിരുന്നു എന്നറിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. നോമിനേഷനില്‍ എത്താന്‍ സാധിച്ചതു തന്നെ വലിയൊരു ഭാഗ്യമായി കാണുന്നു’– ആസിഫ് പറഞ്ഞു.
താന്‍ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരുന്നത് മഞ്ഞുമ്മല്‍ ബോയ്സിനായിരുന്നു. സംസ്ഥാന പുരസ്കാരവേളയിൽ ഒരുപാട് നോമിനേഷൻ വന്നിരുന്നതാണ് ആ സിനിമ. ദേശീയ പുരസ്കാരത്തിലേക്ക് വരാത്തതിൽ ഒരുപാട് സങ്കടമുണ്ടെന്നും ചിദംബരത്തിനു വേണ്ടിയിട്ട് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. മമ്മൂക്കയ്ക്ക് മാത്രമല്ല ഒരുപാട് പ്രിയപ്പെട്ടവർക്ക് അവാര്‍ഡ് ലഭിച്ചു. ഷഹനാദ്, വൈക്കം വിജയലക്ഷ്മി, ഫാസില്‍ ഇവരെല്ലാവരും വളരെ പ്രിയപ്പെട്ടവരാണെന്നും ആസിഫ് പറയുന്നു. വ്യക്തിപരമായി തനിക്കും നല്ല വർഷമായിരുന്നു ഇതെന്നും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ പറ്റിയെന്നും ആസിഫ് പറഞ്ഞു.
അതേസമയം, ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി മികച്ച നടനായത്. ചന്ദു ചാമ്പ്യൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഹിന്ദി താരം കാർത്തിക് ആര്യൻ മമ്മൂട്ടിയോടൊപ്പം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ആര്‍ട്ടിക്കള്‍ 370ലെ അഭിനയത്തിന് യാമി ഗൗതമിനെ മികച്ചനടിയായി തിരഞ്ഞെടുത്തു. മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മിയും മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരത്തിലൂടെ ഷഹ്നാദ് ജലാലും മലയാളത്തിന്‍റെ തിളക്കത്തിന്‍റെ മാറ്റുകൂട്ടി. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള സിനിമ.