aamir-khan

തന്‍റെ മൂന്നാം വിവാഹത്തെച്ചൊല്ലി വിവാദങ്ങള്‍ ശക്തമാകുന്നതിനിടെ, ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം ആമിർ ഖാന്‍. ഗൗരിയുള്ള ആമിറിന്‍റെ വിവാഹത്തിന് പിന്നാലെ താരത്തിനെതിരെ ഫത്‌വ പുറപ്പെടുവിക്കുകയും, 'ലവ് ജിഹാദ്' ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനോടാണ് ആമിർ ഖാൻ ഇപ്പോൾ പരസ്യമായി പ്രതികരിച്ചിരിക്കുന്നത്.

തന്‍റെ മുൻഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരോ പുതിയ പങ്കാളി ഗൗരിയോ വിവാഹത്തിനായി ഇസ്‌ലാം മതം സ്വീകരിച്ചിട്ടില്ലെന്ന് ആമിർ ഖാൻ വ്യക്തമാക്കി. ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ‘ഗൗരിയും റീനയും കിരണും എന്നെ വിവാഹം കഴിച്ചപ്പോൾ മതം മാറിയിട്ടില്ല. ഞങ്ങൾ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. ഗൗരി ഒരു ഹിന്ദുവല്ല, അവൾ ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടയാളാണ്. എന്നാൽ മതാചാരങ്ങൾ കർശനമായി പിന്തുടരുന്ന ഒരാളുമല്ല’ ആമിർ ഖാൻ പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്നവരാണ് തന്‍റെ കുടുംബമെന്നും ആമിർ അഭിമുഖത്തിൽ എടുത്തുപറഞ്ഞു. ‘എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. എന്‍റെ രണ്ട് സഹോദരിമാരും വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദുക്കളെയാണ്. എന്‍റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്‍റെ കസിൻ മൻസൂർ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ക്രിസ്ത്യൻ യുവതിയെയാണ്’ ആമിർ കൂട്ടിച്ചേർത്തു.

തന്‍റെ ദീർഘനാളത്തെ സുഹൃത്തായ ഗൗരി സ്പ്രാറ്റിനെയാണ് ഈ മാസം ആദ്യം ആമിര്‍ ഖാന്‍ വിവാഹം ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലുള്ള ആമിർ ഖാന്‍റെ വസതിയിൽ വച്ചായിരുന്നു രജിസ്റ്റർ വിവഹാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പിന്നാലെ ആദ്യം  പ്രതിഷേധവുമായി രംഗത്തെത്തിയത് ബജ്‌റംഗ്ദള്‍ പ്രവർത്തകരാണ്. പ്രതിഷേധത്തിന്‍റെ ഭാഗമായി നടന്‍റെ കോലം കത്തിക്കുകയും, ആമിർ ഖാൻ 'ലവ് ജിഹാദ്' നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തിരുന്നു.

പിന്നാലെ, മുസ്‌ലിം പുരോഹിതനായ മൗലാനാ ഇബ്രാഹിം ഹുസൈനാണ് താരത്തിനെതിരെ ‘ഫത്വ’ പുറപ്പെടുവിച്ചത്. ഇസ്‌ലാമിക നിയമപ്രകാരം ഒരു മുസ്‌ലിം പുരുഷന് ഇസ്‌ലാം മതം സ്വീകരിക്കാത്ത ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ അനുവാദമില്ലെന്നും ഈ വിവാഹം ഹറാമാണെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം. ആമിറിന്‍റെ ഒന്നിലധികം വിവാഹങ്ങളെയും വിവാഹമോചനങ്ങളെയും കുറിച്ച് പ്രതികരിച്ച മൗലാന, ഇത്തരം പ്രവണതകളെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഒരു വിവാഹത്തിന്റെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിയാത്തവർ മറ്റൊരു വിവാഹത്തിലേക്ക് കടക്കരുതെന്നും പറഞ്ഞിരുന്നു.

1986-ൽ റീന ദത്തയെയാണ് ആമിർ ഖാൻ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് 2005-ൽ കിരൺ റാവുവിനെ വിവാഹം കഴിച്ചു. തുടർന്ന് ഈ വർഷം, 2026 ജൂലൈ 5-ന് നടന്ന സ്വകാര്യ ചടങ്ങിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ആമിർ ഖാൻ ഗൗരി സ്‌പ്രാറ്റിനെ വിവാഹം കഴിച്ചത്. ആമിറും ഗൗരിയും ഇരുവരും ഒരു വർഷത്തിലേറെയായി ഒരുമിച്ചാണ് താമസിക്കുന്നത്. ഈ വിവാഹമാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

ENGLISH SUMMARY:

Bollywood actor Aamir Khan has broken his silence regarding the controversies surrounding his third marriage to long-time friend Gauri Spratt. Responding to "Love Jihad" allegations from Bajrang Dal and a "Fatwa" issued by a Muslim cleric, Aamir clarified that none of his wives—Reena Dutta, Kiran Rao, or Gauri—converted to Islam for marriage. He emphasized that his marriages were solemnized under the Special Marriage Act and highlighted the inclusive nature of his interfaith extended family. The actor stated that Gauri belongs to a Christian background, rendering the religious backlash and allegations entirely baseless.