2026ൽ റിലീസിനൊരുങ്ങുന്ന ഇന്ത്യൻ സിനിമകളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഐഎംഡിബി. കന്നഡ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 52.3 ശതമാനം പ്രേക്ഷകരാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നതെന്നാണ് ഐഎംഡിബിയുടെ കണക്ക്.
കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഐഎംഡിബി പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഇമ്രാൻ ഹാഷ്മിയുടെ 'ആവാരപൻ 2' ആണ്. നിതിൻ കക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും. ദിഷ പടാനി, ഷബാന ആസ്മി, സുവീന്ദർ വിക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇമ്രാൻ ഹാഷ്മിയുടെ സൂപ്പർഹിറ്റ് ചിത്രമായ ആവാരപൻന്റെ തുടർച്ചയായാണ് ഈ ചിത്രം ഒരുങ്ങുന്നത്.
മൂന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം 'ഇന്ദ്രജാൽ' ഇടംപിടിച്ചപ്പോൾ, നാലാം സ്ഥാനത്ത് ലോകേഷ് കനകരാജ് നായകനാകുന്ന 'ഡിസി' ആണുള്ളത്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ആക്ഷൻ നിറഞ്ഞ ഒരു വയലന്റ് എന്റർടെയ്‌നറിലേക്കാണ് സൂചന നൽകുന്നത്. വാമിക ഗബ്ബിയുമൊത്തുള്ള ലോകേഷിന്റെ ആക്ഷൻ രംഗങ്ങളും അനിരുദ്ധിന്റെ സംഗീതവുമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകം. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം.
പട്ടികയിലെ ആദ്യ പത്തിൽ ആദർശ് ബാല വിദ്യാലയ, ശ്രദ്ധ കപൂർ നായികയാകുന്ന 'ഈത്ത', സൂര്യയുടെ 'വിശ്വനാഥ് ആൻഡ് സൺസ്', നാനിയുടെ 'ദി പാരഡൈസ്', 'മിർസാപൂർ', 'ഓപ്പറേഷൻ സഫേദ് സാഗർ' എന്നീ ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്.