അമ്മ എനിക്ക് കല്യാണം ആലോചിക്കുന്നു, എന്ന ടാഗ് ലൈനോടെ ഒരു പെണ്‍കുട്ടി തല മൊട്ടയടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സെക്കന്റുകള്‍ മാത്രമുള്ള ആ വിഡിയോയ്ക്ക് നിരവധി സ്ത്രീകള്‍ പിന്തുണയുമായെത്തിയിരുന്നു.
വിവാഹത്തിന് താല്‍പര്യമില്ല എന്നതിന് വ്യത്യസ്തമായി നല്‍കിയ പ്രതികരണമായതിനാലായിരുന്നു സ്ത്രീജനങ്ങള്‍ ഈ വിഡിയോ അത്രയധികം ഏറ്റെടുത്തത്. വിഡിയോ വൈറലായതോടെ പെണ്‍കുട്ടിക്ക് നിരവധി സന്ദേശങ്ങള്‍ വന്നു. എന്തെങ്കിലും ആരോഗ്യപ്രശ്നത്താല്‍ ആണോ ? അതോ ശരിക്കും കല്യാണ ആലോചന വന്നിട്ടാണോ ? ചോദ്യങ്ങള്‍ക്ക് പിന്നാലെ ഉത്തരം പങ്കുവെച്ചിരിക്കുകയാണ് കീർത്തന മേനോൻ.
‘എന്റെ വിവാഹം ആരും തീരുമാനിച്ചിരുന്നില്ല. അത് പൂർണമായും എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. ഇത് വൈറലാകുമെന്ന് കരുതിയിരുന്നില്ല. സ്ത്രീകൾ തലമുണ്ഡനം ചെയ്യുന്നത് അസാധാരണമായ കാര്യമല്ല. ഒരു സ്ത്രീ ചെയ്തതുകൊണ്ടാണ് ഇത്രയും ശ്രദ്ധ ലഭിച്ചത്. മാറ്റങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയായതിനാൽ ഒരു ദിവസം രാവിലെ മൊട്ടയടിക്കാം എന്ന് തോന്നി ചെയ്തു. അമ്മയോട് പറപ്പോള്‍ അമ്മ ഓക്കെ പറഞ്ഞു, എങ്കിലും ഞാന്‍ തമാശയ്ക്ക് പറയുന്നതാണെന്നാണ് അമ്മ കരുതിയത്. ഞങ്ങൾ അടുത്തുള്ള ക്ഷേത്രത്തിലെത്തി അത് ചെയ്യുകയായിരുന്നു’,– കീർത്തന പറഞ്ഞു.
തല മൊട്ടയടിക്കുക എന്നത് ആണുങ്ങള്‍ക്ക് മാത്രമാണെന്നാണ് സമൂഹം കരുതിവെച്ചിരിക്കുന്നത്, അത്തരത്തിലൊരു അനുഭവം ഉണ്ടായതായും കീര്‍ത്തന പറയുന്നു. ‘അമ്മയ്ക്കൊപ്പം വണ്ടിയില്‍ പോകുമ്പോള്‍ പൊലീസ് ചെക്കിങില്‍ എസ്ഐ ചോദിച്ചു എന്തിനാണ് മൊട്ടയടിച്ചതെന്ന്. അങ്ങനെ തോന്നി അപ്പോള്‍ ചെയ്യുകയായിരുന്നു. അങ്ങനെ പെണ്‍കുട്ടികള്‍ ചെയ്യാമോ? എന്ന തരത്തിലാണ് പിന്നീടദ്ദേഹം സംസാരിച്ചത്. എജ്യുക്കേറ്റഡ് ആയിരുന്നിട്ടും തുറന്ന മനസോടെ ചിന്തിക്കാന്‍ സമൂഹത്തിന് കഴിയുന്നില്ലല്ലോ എന്നും കീര്‍ത്തന തന്‍റെ വിഡിയോയില്‍ പറയുന്നു.