• ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അനേരി തക്കർ എന്ന യുവതി തനിക്ക് നേരിട്ട ഭീതിജനകമായ അനുഭവം വിവരിച്ചത്

മദ്യപിച്ചെത്തിയ ഡെലിവറി എക്സിക്യൂട്ടീവ് തന്‍റെ അപ്പാർട്ട്മെന്റിൽ പ്രവേശിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ബംഗ്ലൂര്‍ സ്വദേശിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോ വൈറല്‍. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അനേരി തക്കർ എന്ന യുവതി തനിക്ക് നേരിട്ട ഭീതിജനകമായ അനുഭവം വിവരിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ  അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് അറിയിച്ച് ഊബർ ഇന്ത്യയും പ്രതികരിച്ചു.

വാരാന്ത്യത്തിൽ സുഹൃത്ത് വീട്ടില്‍  മറന്നുവെച്ച ജാക്കറ്റ് തിരികെ നൽകാനായി അനേരി ഊബറിന്‍റെ പിക്കപ്പ് സർവീസ്  ബുക്ക് ചെയ്തിരുന്നു. ജാക്കറ്റ് ഏറ്റുവാങ്ങിയ ഡെലിവറി എക്സിക്യൂട്ടീവ് ആദ്യം പാക്ക് ചെയ്യാൻ ഒരു ബാഗ് ആവശ്യപ്പെട്ടു. തുടർന്ന്, ഡെലിവറി ചെയ്യേണ്ട സ്ഥലം ദൂരെയാണെന്നും ഫോണിന്‍റെ ചാർജ് തീരാൻ സാധ്യതയുള്ളതിനാല്‍ ചാർജ് ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

അനേരി അതിന് സമ്മതിച്ചെങ്കിലും, പിന്നീട് അപ്പാർട്ട്മെന്റിനുള്ളിലെ ബാൽക്കണിയിൽ നിന്ന് പുകവലിക്കാൻ അനുവദിക്കാമോയെന്ന് എക്സിക്യൂട്ടീവ് ചോദിച്ചു. ഇതോടെ സംശയം തോന്നിയ അനേരി, സുഹൃത്ത് മുറിയിൽ ഉറങ്ങുകയാണെന്നും അതിനാൽ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും മറുപടി നൽകി. യഥാർത്ഥത്തിൽ താൻ അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നെന്നും സുരക്ഷ കണക്കിലെടുത്താണ് മനപ്പൂർവം അങ്ങനെ പറഞ്ഞതെന്നും യുവതി വീഡിയോയിൽ പറയുന്നു.

അകത്തേക്ക് കയറാൻ അനുവദിച്ചില്ലെങ്കിലും ഫോൺ ചാർജ് ചെയ്യാൻ നൽകിയിരുന്നു. എന്നാൽ ഫോണിൽ ഇതിനകം തന്നെ 45 ശതമാനം ചാർജ് ഉണ്ടായിരുന്നതു കണ്ടപ്പോഴാണ് അയാളുടെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ച് സംശയം തോന്നിയതെന്ന് അനേരി പറയുന്നു. സംശയം ശക്തമായതോടെ അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനെ അനേരി ഉടൻ വിളിച്ച് വിവരം അറിയിച്ചു. ഡെലിവറി എക്സിക്യൂട്ടീവ് തിരിച്ചെത്തുമ്പോൾ കൂടെയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.

തിരികെ എത്തിയ എക്സിക്യൂട്ടീവ് പിന്നീട് അനേരിയുടെ വ്യക്തിഗത ഫോൺ നമ്പറും ചോദിച്ചു. ജാക്കറ്റ് സ്വീകരിക്കേണ്ടയാൾ ഫോൺ എടുക്കാതിരുന്നാൽ ബന്ധപ്പെടാൻ വേണ്ടിയാണെന്നായിരുന്നു വിശദീകരണം. തുടർച്ചയായ അഭ്യർഥനയെ തുടർന്ന് നമ്പർ നൽകിയെങ്കിലും പിന്നീട് അത് ബ്ലോക്ക് ചെയ്തതായി യുവതി പറയുന്നു.

ഡെലിവറി എക്സിക്യൂട്ടീവ് മദ്യപിച്ചിരുന്നതായും അനേരി ആരോപിക്കുന്നു. ഏകദേശം രണ്ട് മീറ്റർ അകലെ നിന്നുതന്നെ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടിരുന്നുവെന്നാണ് യുവതിയുടെ വാദം. താൻ അയാളെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നെങ്കിൽ എന്തും സംഭവിക്കാമായിരുന്നുവെന്നും ജീവിതത്തിൽ നേരിട്ട ഏറ്റവും ഭയാനകമായ അനുഭവങ്ങളിലൊന്നായിരുന്നു ഇതെന്നും അവർ വീഡിയോയിൽ പറയുന്നു.  "സ്വന്തം മനസ്സിന്‍റെ മുന്നറിയിപ്പ് വിശ്വസിക്കൂ. 'ഇല്ല' എന്ന് പറയാൻ ഒരിക്കലും മടിക്കരുത്," എന്ന സന്ദേശത്തോടെയാണ് അനേരി വീഡിയോ അവസാനിപ്പിച്ചത്.

വീഡിയോ വൈറലായതിന് പിന്നാലെ ഊബർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചു. "ഹായ് അനേരി, താങ്കൾ വിവരിച്ച പെരുമാറ്റം തികച്ചും അസ്വീകാര്യമാണ്. വിഷയം അടിയന്തരമായി അന്വേഷിക്കും. ദയവായി അക്കൗണ്ട് വിവരങ്ങളും ഡെലിവറി വിശദാംശങ്ങളും സ്വകാര്യ സന്ദേശമായി പങ്കുവയ്ക്കുക," എന്നാണ് കമ്പനി അറിയിച്ചത്.

സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയായതോടെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചു. ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡെലിവറി സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനി ശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്.

ENGLISH SUMMARY:

Bangalore woman's viral social media video details a terrifying experience with an alleged drunk Uber delivery executive attempting to enter her apartment. The incident has sparked widespread discussion about women's safety and prompted a response from Uber India.