വിനീത് ശ്രീനിവാസന്‍ നായകനായ 'മുകുനന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' സിനിമയെ പുകഴ്ത്തി സംവിധായകന്‍ അനുരാഗ് കശ്യപ്. സിനിമ കണ്ട് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകിന്‍റെ ആരാധകനായെന്ന് അനുരാഗ് കശ്യപ് കുറിച്ചു. 'വളരെ മനോഹരമായി മേക്ക് ചെയ്യുകയും എഴുതുകയും ചെയ്ത സിനിമ. വിനീത് ശ്രീനിവാസൻ ഗംഭീരമായിരുന്നു. സംവിധായകനൊപ്പം ഇരുന്നു സിനിമ കണ്ട് അദ്ദേഹത്തെ ലജ്ജിതനാക്കിയതും പുതിയൊരു അനുഭവമായിരുന്നു. ഞാൻ അഭിനവിന്റെ ആരാധകനാണ്', അനുരാഗ് കശ്യപിന്റെ വാക്കുകൾ.

പിന്നാലെ അനുരാഗിന്‍റെ പ്രതികരണത്തില്‍ ആവേശഭരിതനായി വിനീത് ശ്രീനിവാസനും രംഗത്തെത്തി. 'ഒരുപാട് എഴുതണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ വാക്കുകൾ കിട്ടുന്നില്ല. ഇന്ത്യയിലെ എന്റെ പ്രിയപ്പെട്ട സിനിമാ നിർമ്മാതാക്കളിൽ ഒരാളുടെ കമന്റ് വായിക്കുമ്പോൾ ഒരുപാട് ഇമോഷൻസ് എന്റെ ഉള്ളിലേക്ക് കടന്നുവരുകയാണ്. നാളെ ഈ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തേക്കാം, കാരണം ഇത് പങ്കിടുന്നത് എന്റെ ഭാഗത്തുനിന്നുള്ള ഒരു ഷോ ഓഫ് പോലെയാണ് തോന്നുന്നത്. നന്ദി അഭിനവ് സുന്ദർ നായക്, അനുരാഗ് കശ്യപ്. സത്യ കണ്ട ആ പതിമൂന്നു വയസ്സുകാരൻ അതിശയിച്ചിരിക്കുകയാണ്', വിനീത് കുറിച്ചു.

2022ലാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' റിലീസ് ചെയ്തത്. അഭിനവ് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന്‍ നായകനായ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമായിരുന്നു. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

ENGLISH SUMMARY:

Mukundan Unni Associates, a Malayalam film starring Vineeth Sreenivasan and directed by Abhinav Sundar Nayak, has received significant praise from acclaimed Indian filmmaker Anurag Kashyap. Kashyap expressed his admiration for the film's making and writing, specifically highlighting Vineeth Sreenivasan's performance and his own newfound appreciation for director Abhinav Sundar Nayak.