വസ്ത്രധാരണത്തെ വിമർശിച്ചെത്തിയ വ്ലോഗർ ഷെഫീന ബീവിക്ക് മറുപടി നൽകി നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. ട്രെൻഡിങ് ബോൾഡ് ലുക്കിൽ 'ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ....' എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദയയുടെ മോഡേൺ ലുക്കിനെതിരെ ഷെഫീന നടത്തിയ പരാമർശങ്ങൾ വിവാദമായതോടെ ഒട്ടേറെപ്പേർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ സജീവമായ ദയ സുജിത്ത് മോഡലിങ് രംഗത്തും ശ്രദ്ധേയ സാന്നിധ്യമാണ്. ഗ്ലാമറസും മോഡേണുമായ ഫോട്ടോകളും റീലുകളും വ്ലോഗുകളും പങ്കുവെച്ച് വലിയൊരു ആരാധകവൃന്ദത്തെ ദയ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ദയയുടെ പുതിയ ട്രാൻസിഷൻ റീൽ ചൂണ്ടിക്കാട്ടി ഷെഫീന ബീവി വിമർശനവുമായി എത്തിയത്.

'നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം' എന്ന പരാമർശത്തോടെയാണ് ഷെഫീന വീഡിയോ പങ്കുവെച്ചത്. മഞ്ജു പിള്ളയെ പരാമർശിച്ചുകൊണ്ട്, "ഒരേയൊരു മകളല്ലേ ഉള്ളൂ, അവൾക്ക് മര്യാദ പറഞ്ഞുകൊടുത്തൂടെ" എന്നും, "ഇപ്പോഴത്തെ തലമുറ തുണി കുറച്ച് ധരിക്കുന്നതിനെ സ്വാതന്ത്ര്യമെന്നാണ് കരുതുന്നത്" എന്നുമായിരുന്നു ഷെഫീനയുടെ വിമർശനം.

ദയയുടെ വസ്ത്രധാരണം സ്ത്രീത്വത്തിന് അപമാനമാണെന്നും, ഇത് ഫാഷനോ ഫെമിനിസമോ അല്ലെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഷെഫീനയ്ക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. മറ്റൊരാളുടെ വ്യക്തിപരമായ വസ്ത്രധാരണത്തെ ഇത്തരത്തിൽ പൊതുവേദിയിൽ വിമർശിക്കുന്നത് ശരിയല്ലെന്നും, ഓരോരുത്തർക്കും തങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടിരുന്നു.

ദയയെ പിന്തുണച്ച് ഒട്ടേറെ കണ്ടന്റ് ക്രിയേറ്റർമാരും സോഷ്യൽ മീഡിയ ഉപയോക്താക്കളും വീഡിയോകളും കുറിപ്പുകളും പങ്കുവെക്കുകയും ചെയ്തു. "ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ മാനസികമായി അധിക്ഷേപിക്കുകയാണ്", "അവൾ എന്ത് ധരിക്കണമെന്നത് അവളുടെ വ്യക്തിപരമായ തീരുമാനമാണ്" തുടങ്ങിയ പ്രതികരണങ്ങളും ഏറെയായിരുന്നു.

വീഡിയോയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെ ഷെഫീന ബീവി തന്നെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരുന്നു. പിന്നാലെയാണ് ദയ കൂടുതൽ ബോൾഡ് ലുക്കിൽ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. "ചിലരുടെ പ്രവർത്തികൾ കണ്ട് രണ്ട് പൊട്ടിക്കണം എന്ന് മനസ്സ് പറഞ്ഞെങ്കിലും മാതാപിതാക്കൾ ഫെയ്മസ് ആയതുകൊണ്ട് മീഡിയ വിമർശിക്കുമെന്ന് ഓർത്ത് വെറുതെയിരിക്കുന്നു" എന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. "നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം" എന്നാണ് ഇതിന് മഞ്ജു പിള്ള ഇട്ടിരിക്കുന്ന കമന്റ്.

ENGLISH SUMMARY:

Daya Sujith, daughter of actress Manju Pillai, has responded to criticism about her bold fashion choices. She posted a picture with the hashtag "This 500 cannot be defeated, children..." after vlogger Shefeena Beevi made controversial remarks about her attire.