സോഷ്യൽ മീഡിയയിലെ വിമർശനങ്ങളും ട്രോളുകളും ആത്മവിശ്വാസത്തോടെ നേരിടുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ദയ സുജിത്. കാർത്തിക് സൂര്യയുടെ യൂട്യൂബ് പോഡ്‌കാസ്റ്റിൽ അതിഥിയായി എത്തിയ ദയ, തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ഫാഷൻ സ്റ്റൈലിംഗിലെ പഠനാനുഭവങ്ങൾ, സിനിമയിലേയ്ക്കുള്ള കടന്നുവരവ്, ചെറുപ്പകാലത്തെ ബുള്ളിയിങ് അനുഭവങ്ങൾ എന്നിവയും അഭിമുഖത്തിൽ പങ്കുവെച്ചു.

പ്രശസ്തരായ മഞ്ജു പിള്ളയുടെയും സുജിത് വാസുദേവിന്റെയും മകളായ ദയ, സോഷ്യൽ മീഡിയയിൽ നേരിടുന്ന വിമർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും വ്യക്തമാക്കി. എന്ത് വസ്ത്രം ധരിച്ചാലും ആളുകൾ വിലയിരുത്തുമെന്നും അതിനാൽ മറ്റുള്ളവരെ ഉപദ്രവിക്കാത്ത രീതിയിൽ സ്വന്തം സന്തോഷത്തിനും താൽപര്യങ്ങൾക്കും പ്രാധാന്യം നൽകണമെന്നുമാണ് ദയയുടെ നിലപാട്.

സോഷ്യൽ മീഡിയയിലെ അനുഭവങ്ങൾ ക്ഷമയും ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവും പഠിപ്പിച്ചുവെന്നും ദയ പറഞ്ഞു. വ്യക്തിപരമായ വിമർശനങ്ങൾ പൊതുവെ അവഗണിക്കാറാണ് പതിവ്. എന്നാൽ മാതാപിതാക്കളെ ഉൾപ്പെടുത്തി അധിക്ഷേപിക്കുന്ന തരത്തിൽ ചിലർ അതിരുവിട്ടപ്പോൾ സൈബർ സെല്ലിൽ പരാതി നൽകി നിയമപരമായി മുന്നോട്ടുപോയിട്ടുണ്ടെന്നും ദയ പറഞ്ഞു.

ട്രോളുകൾക്ക് വിഡിയോകളിലൂടെ മറുപടി നൽകുന്നത് അവർക്കു കൂടുതൽ ശ്രദ്ധയും പബ്ലിസിറ്റിയും നൽകുന്നതിന് തുല്യമാണെന്നാണ് ദയയുടെ അഭിപ്രായം. അതിനാൽ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുന്നതിനേക്കാൾ സ്വന്തം കരിയറിലും വിഡിയോകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യമെന്നും വ്യക്തമാക്കി.

മറ്റുള്ളവർ എന്തു പറഞ്ഞാലും സ്വന്തം നിലപാടിൽ വിശ്വസിച്ച് മുന്നോട്ടുപോകണമെന്ന‌താണ് ദയയുടെ അഭിപ്രായം. 

Daya Sujith Opens Up About Handling Trolls and Cyberbullying:

Malayala Manorama Online News covers social media influencer and model Daya Sujith opening up about handling trolls and cyber criticism with confidence on a popular YouTube podcast. She discussed her career journey, fashion studies, and how she ignores personal attacks while taking legal action against extreme cyberbullying.